കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയതുൾപ്പെടെയുള്ള വിവാദങ്ങൾ സർക്കാരിന് തിരിച്ചടിയായി എന്ന് വ്യക്തമാക്കി സംസ്ഥാന ഇന്റലിജൻസ് വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. വീണാ ജോർജിനെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടതും, സർക്കാർ ആശുപത്രിയിൽ മന്ത്രിക്ക് നൽകിയ പ്രത്യേക പരിഗണനയും, പ്രതിഷേധത്തിന്റെ മറവിൽ നടന്ന വ്യാപകമായ അക്രമവും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.
സർക്കാർ ആശുപത്രികൾക്കെതിരായ പൊതുജനവികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ വീണാ ജോർജിന്റെ ആശുപത്രിവാസം പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ പരിക്കിന് മന്ത്രിക്ക് സർക്കാർ ആശുപത്രിയിൽ പ്രത്യേക ചികിത്സ ലഭിച്ചുവെന്നത് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ തിരിച്ചടിയായേക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ആശുപത്രികളിലെ പോരായ്മകൾ ഉയർത്തിക്കാട്ടി വീണ ജോർജിന്റെ ആശുപത്രിവാസത്തെ താരതമ്യം ചെയ്യുന്ന ഒരു പൊതുധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു.
മന്ത്രിയെ ആക്രമിച്ചു എന്നു പറയുമ്പോള്‍ തന്നെ അത് തെളിയിക്കാനുള്ള ദൃശ്യങ്ങള്‍ എങ്ങും തന്നെ ലഭ്യമല്ല എന്നുള്ളതും സര്‍ക്കാരിനെതിരെ തിരിയാനുള്ള ആയുധമായി. ഇതുസംബന്ധിച്ച് സിപിഎം പുറത്തുവിട്ട വീഡിയോ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തുടനീളം നടന്ന അക്രമ സംഭവങ്ങളിൽ ഭരണകക്ഷിക്കെതിരെ വികാരം ജനിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ നവയുഗ യാത്രയുടെ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചത് അവര്‍ ഒരു അവസരമായി ഉപയോഗിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു തിരക്കഥയാണ് റെയില്‍വേ സ്റ്റേഷനില്‍ നടപ്പിലാക്കിയതെന്നും, ആരോഗ്യ മന്ത്രിയുടെ അഭിനയമായിരുന്നു എല്ലാം എന്നും പൊതുസംസാരവുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

