സിപി‌എം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി പ്രതിരോധിക്കും: വി ഡി സതീശന്‍

പത്തനംതിട്ട: സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഎം വ്യാജ പ്രചാരണം നടത്തുകയാണെന്നും അക്രമത്തിനെതിരെ ജനങ്ങൾ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കുകയാണെന്നും, കേരളത്തിലുടനീളം സിപി‌എം അക്രമം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു.

ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന വ്യാജേനയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി ഒരു പരിഹാസപാത്രമായി മാറി. സിപിഎം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ തിരിച്ചടിക്കും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. വീണാ ജോര്‍ജിന്റെ കഴുത്തിന് പരിക്കു പറ്റിയെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവര്‍ പറയുന്നതും പറഞ്ഞതുമെല്ലാം പച്ചക്കള്ളമാണെന്ന് ജനം തിരിച്ചറിഞ്ഞതായി വി ഡി സതീശൻ പറഞ്ഞു.

കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ്, ആർക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ചിന്ത ജെറോമിനെതിരെയും വി.ഡി. സതീശൻ ആഞ്ഞടിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവ് നയിച്ച പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും, അവരുടെ യഥാർത്ഥ സംസ്കാരമാണ് അതോടെ പുറത്തുവന്നതെന്നും വിമര്‍ശിച്ചു.

Leave a Comment

More News