തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം മോഷണം പോയ കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരം പുനഃസ്ഥാപിക്കുന്നതിനായി രണ്ട് പവന് സ്വർണം സംഭാവന ചെയ്തതായി മോഹൻലാല്‍ പറഞ്ഞു. തന്റെ സുഹൃത്തു വഴിയാണ് ശബരിമലയില്‍ സ്വർണ്ണം എത്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഒരു സുഹൃത്ത് വഴിയാണ് ശബരിമലയിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. നിലവിൽ മോഹൻലാലിന്റെ മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ശബരിമല കൊടിമരം പുനഃപ്രതിഷ്ഠിക്കുന്നതിനായി 27 പേർ സ്വർണം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഓരോരുത്തരും എത്ര സ്വർണം സംഭാവന ചെയ്തുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂർണ്ണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് വിജിലന്‍സ് പറയുന്നു.
ശബരിമല കൊടിമരം മോഷണക്കേസിൽ സിനിമാ മേഖലയിലെ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികൾ വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സ്വർണ നാണയങ്ങളാണ് അവർ നൽകിയതെന്ന് മൊഴിയില്‍ പറഞ്ഞിരുന്നു.
