തിരുവനന്തപുരം: രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മതിയാകില്ല; അത് പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ നടന്ന സി.ഐ.ഐ എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളർച്ചയ്ക്ക് നിർണായകമാണെന്നും “വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ വൻ സാധ്യതകളുണ്ടെന്നും പാരമ്പര്യ വൈദഗ്ധ്യവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച വളർച്ചയാണ് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരത്തിന്റെ ഭാവി വികസനത്തെ ആസ്പദമാക്കി നടന്ന പ്രത്യേക പാനൽ ചർച്ചയിൽ ജോൺ ബ്രിട്ടാസ് എം.പി., മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ് എന്നിവർ പങ്കെടുത്തു. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ ആകർഷണം, ദീർഘകാല നഗര ആസൂത്രണം, വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവ ചർച്ചയായി. ബ്ലാക്ക്‌സ്റ്റോണിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി വിഭാഗം മാനേജിംഗ് ഡയറക്ടർ അരവിന്ദ് കൃഷ്ണൻ നയിച്ച പ്രത്യേക സെഷനിൽ ആഗോള നിക്ഷേപ പ്രവണതകളും മൂലധന സാധ്യതകളും വിശദീകരിച്ചു.
സമിറ്റിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സഹകരണത്തോടെ പ്രത്യേക ബി2ബി, ബി2ജി മീറ്റിംഗുകളും സംഘടിപ്പിച്ചു. നിക്ഷേപകരെയും ബാങ്കുകളെയും സർക്കാർ വകുപ്പുകളെയും സ്റ്റാർട്ടപ്പുകളുമായും എംഎസ്എംഇകളുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സംരംഭം ഫണ്ടിംഗ്, തന്ത്രപരമായ പങ്കാളിത്തം, തൊഴിൽ സൃഷ്ടി എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറന്നു. ദക്ഷിണ കേരളത്തെ വ്യവസായ–നിക്ഷേപ കേന്ദ്രമായി ഉയർത്തുന്നതിനുള്ള പ്രായോഗിക നടപടികളാണ് സമിറ്റിൽ മുന്നോട്ടുവച്ചതെന്ന് സംഘാടകർ അറിയിച്ചു.
തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടി, സി.ഐ.ഐ കേരള സ്റ്റേറ്റ് ഹെഡ് വി. ജയകൃഷ്ണൻ, സി.ഐ.ഐ കേരള ചെയർമാൻ വി.കെ.സി റസാക്, സി.ഐ.ഐ തിരുവനന്തപുരം ചെയർമാൻ നിഖിൽ പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



