പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പോലീസിനെ അസഭ്യം പറഞ്ഞ ഒമ്പത് ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകർക്കെതിരെ കേസ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞു നിർത്തി പോലീസുകാർക്ക് നേരെ അസഭ്യം പറഞ്ഞ ഒമ്പത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെയാണ് അസഭ്യം പറഞ്ഞത്. വിഷ്ണു, ഫൈസൽ, രതീഷ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും ആറ്റിങ്ങൽ സിഐയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവും രതീഷും അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പോലീസ് നോട്ടീസ് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. ഇതിൽ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസ് വാഹനം തടയുകയും നഗരൂർ എസ്‌ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ രോഷാകുലരായി പെരുമാറുന്നതും മുതിർന്ന പ്രവർത്തകർ അവരെ തടയാൻ ശ്രമിക്കുന്നതും കാണാം.

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇവര്‍ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുകയും ഫ്ലക്‌സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. നഗരൂരിലും വ്യാപക ആക്രമണങ്ങൾ നടന്നിരുന്നു. കോൺഗ്രസിന്റെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകിയതിനെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് അവർ പോലീസിനെ ആക്രമിച്ചത്.

Leave a Comment

More News