“ഗാസയിൽ കുരുന്നുകളെ കൂട്ടക്കൊല ചെയ്ത നെതന്യാഹു ട്രം‌പിനെ കൂട്ടുപിടിച്ച് ഇറാനിലും അത് നടപ്പിലാക്കി”: 160 പെണ്‍കുട്ടികളുടെ കുഴിമാടത്തിന്റെ ഫോട്ടോ പങ്കിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി

ദോഹ (ഖത്തര്‍): അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പ്രൈമറി സ്കൂളിലെ 160 ലധികം പെൺകുട്ടികളുടെ കുഴിമാടങ്ങളുടെ ഫോട്ടൊ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൊലപാതകത്തെ അപലപിച്ചു.

അരഗ്‌ചി പങ്കുവെച്ച ഫോട്ടോയിൽ കുഴികള്‍ കുഴിക്കുന്ന ക്രെയിൻ ഉൾപ്പെടെ നിരവധി കുഴിമാടങ്ങളുടെ നിരകൾ കാണിക്കുന്നു. അമേരിക്കയും ഇസ്രായെലും ഒരു പ്രൈമറി സ്കൂളിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലധികം നിരപരാധികളായ പെൺകുട്ടികൾക്കായാണ് ഈ കുഴിമാടങ്ങളെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി ഫോട്ടോയ്‌ക്കൊപ്പം എഴുതി.

ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കീറിമുറിച്ചതായി അദ്ദേഹം പ്രസ്താവിച്ചു. ഇറാനിയൻ പൗരന്മാരെ സംരക്ഷിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇതാണോ ട്രംപ് വാഗ്ദാനം ചെയ്ത “പ്രതിരോധം” എന്ന് അദ്ദേഹം എഴുതി. ഗാസ മുതൽ മിനാബ് വരെ നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടു. ഗാസയിലെ കുരുന്നുകളെ കൂട്ടക്കൊല ചെയ്ത ബെഞ്ചമിന്‍ നെതന്യാഹുവിന് ഇറാനിലും അത് ചെയ്യാന്‍ ട്രം‌പ് കൂട്ടു നിന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, തെക്കൻ ഇറാനിലെ ഒരു പ്രൈമറി സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 150 ലധികം പേർ കൊല്ലപ്പെട്ടു. മരണസംഖ്യ 165 ആണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ആരോപണങ്ങളെക്കുറിച്ച് യുഎസ് പ്രസ്താവന നടത്തിവരികയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ട്രം‌പ് ഭരണകൂടം പറയുന്നു. പ്രദേശത്തെ ഏതെങ്കിലും ഐഡിഎഫ് പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഇപ്പോള്‍ ഇസ്രായേൽ പറയുന്നത്. ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബ് നഗരത്തിലാണ് പെൺകുട്ടികളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് താവളത്തിന് സമീപമാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഐആർജിസി താവളങ്ങൾ മുമ്പും ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാനിലെ ഈ സൈനിക നടപടിയില്‍ യുനെസ്കോയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അവരുടെ പ്രസ്താവനയില്‍ പറയുന്നു. ഈ ആക്രമണങ്ങൾ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അപകടത്തിലാക്കുകയും വിദ്യാഭ്യാസ അവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു.

Leave a Comment

More News