യുകെ വിസ തട്ടിപ്പ് കേസ്: നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും സമർപ്പിച്ച പരാതികളിലാണ് കോടതിയുടെ നടപടി.

2011-ൽ യുകെ വിസ വാഗ്ദാനം ചെയ്ത് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് ഗഡുക്കളായി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍, വിസ നൽകാൻ കഴിയാതെ വന്നപ്പോൾ 2012-ൽ റീഫണ്ടിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ, ചെക്ക് മടങ്ങിയതോടെ രാജേഷ് മാത്യു പരാതി നൽകി. വഞ്ചിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് നിരീക്ഷിച്ച കോടതി, രണ്ട് വർഷം തടവിന് ശിക്ഷിച്ചു. ഈ കേസിൽ 50 ലക്ഷം രൂപ പിഴ അടയ്ക്കണം. തെളിവുകളുടെ അഭാവത്തിൽ ജോബിയുടെ ഭാര്യ സുനി മോളെ കോടതി വെറുതെ വിട്ടു.

അതേസമയം, മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസിനും ഭാര്യ ഡാർലി ബിജുവിനും ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി തട്ടിപ്പ് നടത്തി. ലണ്ടനിലെ ന്യൂകാസിലിലുള്ള ഒരു ‘ഓഫ്-ലൈസൻസ്’ കടയിൽ പങ്കാളിത്തം നൽകാമെന്നും ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷനിൽ ഡിപ്ലോമയ്ക്ക് പ്രവേശനം നൽകാമെന്നും വാഗ്ദാനം ചെയ്ത് അവരില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. എന്നാല്‍, യുകെയിൽ എത്തിയ ദമ്പതികൾ അവിടെ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതറിഞ്ഞത്. അവര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി ദമ്പതികൾ മൊഴി നൽകി. ഈ കേസിൽ ജോബിക്ക് രണ്ട് വർഷം തടവും 16.52 ലക്ഷം പിഴയും ശിക്ഷ വിധിച്ചു.

Leave a Comment

More News