പ്രസിഡന്റ് മുർമുവിന്റെ സമീപകാല സന്ദർശന വേളയിൽ ഉണ്ടായ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മമത ബാനർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സമീപകാല സന്ദർശനത്തിനിടെ പ്രോട്ടോക്കോൾ ലംഘനങ്ങൾ നടന്നതായി ആരോപിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതേസമയം, മുഖ്യമന്ത്രി മമത ബാനർജിയുടെ അഭാവത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് ബംഗാള്‍ സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഈ രേഖ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ചു.
മാർച്ച് 7 ന്, വടക്കൻ ബംഗാളിലെ സിലിഗുരിക്കടുത്തുള്ള ഗോസൈൻപൂരില്‍ നടന്ന അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിലാണ് രാഷ്ട്രപതി പങ്കെടുത്തത്. കുറഞ്ഞ ജനപങ്കാളിത്തം, വേദി മാറ്റം, പ്രോട്ടോക്കോൾ പാലിക്കാത്തത് എന്നിവയിൽ അവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി മമത ബാനർജി തന്റെ അനുജത്തിയെപ്പോലെയാണെന്നും എന്നാൽ അവർ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് തനിക്കറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ “ബ്ലൂ ബുക്ക്” നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍, സ്വകാര്യ സംഘടനയായ ഇന്റർനാഷണൽ സന്താൽ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി മമത ബാനർജിക്ക് ഔദ്യോഗിക ക്ഷണവും ലഭിച്ചിരുന്നില്ല. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന്റെ അംഗീകൃത പട്ടികയിൽ അവരുടെ പേരും ഉണ്ടായിരുന്നില്ല.
അതിനാൽ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുത്തില്ല. യഥാർത്ഥ വേദിയിലെ ക്രമീകരണങ്ങൾ മോശമായിരുന്നതിനാൽ സംഘാടകരും ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തത്. ജില്ലാ ഭരണകൂടം ഒരു പ്രോട്ടോക്കോളും ലംഘിച്ചിട്ടില്ലെന്ന് സംസ്ഥാനം വാദിച്ചു.
പരിപാടികളുടെ ക്രമം, രേഖകൾ, വേദി മാറ്റത്തിനുള്ള കാരണങ്ങൾ എന്നിവ വിശദീകരിച്ചുകൊണ്ട് ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തി ഞായറാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ അഭാവത്തിനുള്ള കാരണം റിപ്പോർട്ട് വ്യക്തമായി നൽകുന്നുണ്ടെന്നും ബ്ലൂ ബുക്ക് നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഒരു മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥൻ പറഞ്ഞു.
രാഷ്ട്രപതിയുടെ പദവി ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് മമത ബാനർജി ആരോപിച്ചു. തങ്ങള്‍ ഒരു പ്രോട്ടോക്കോളും ലംഘിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. കേന്ദ്ര സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടതനുസരിച്ച് അത് സമർപ്പിച്ചു.
എപ്പോഴും ചെയ്യുന്നതുപോലെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബിജെപി ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉയർത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വിവാദമെന്ന് മമത ബാനര്‍ജി പറഞ്ഞു.
