
മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. ‘അപ്രാപ്യമായ അതിജീവനങ്ങൾ, പിഴക്കുന്ന ചികിത്സകൾ, വീര്യം കൂടുന്ന ബാറുകൾ; സർക്കാർ ആർക്കൊപ്പം?’ എന്ന പ്രമേയത്തിലായിരുന്നു സംഗമം. വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ ഉദ്ഘാടനം ചെയ്തു. പത്ത് വർഷമായി സ്ത്രീ പീഡനക്കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല.
നീതി തേടി അതിജീവിതമാർക്ക് സമര പരിപാടികൾ നടത്തേണ്ടി വരുന്നതും കോടതികൾ കയറിയിറങ്ങേണ്ടി വരുന്നതും ജനാധിപത്യത്തിന് അപമാനമാണ്. കോടതി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ അതിജീവിതമാരെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്.
സാധാരണക്കാർക്കും അതിജീവിതമാർക്കും നീതി ഉറപ്പാക്കുന്ന സുതാര്യമായ സംവിധാനം കെട്ടിപ്പടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റുക്‌സാന ഇർഷാദ് അധ്യക്ഷത വഹിച്ചു. സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളുമായ പ്രസന്ന കുമാരി ടീച്ചർ, റജുല പെലത്തൊടി, ബിന്ദു വൈലാശ്ശേരി, സുജ മാധവി, പുഷ്പ ലത, ലൈല, സാജിദ പൂക്കോട്ടൂർ, ഹാജറ എം.വി, സുബൈദ മുസ്‌ലിയാരകത്ത്, സുബൈദ ഹമീദ്, ഷിറിൻ ഇർഫാൻ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യു. റാബിയ, സുഹറ, ഖദീജ, അജ്മല അഷ്റഫ്, ഷറീന മുജീബ് റഹ്മാൻ എന്നിവരെ ആദരിച്ചു. യുദ്ധവിരുദ്ധ ബാനർ ഉയർത്തി പ്രതിഷേധിച്ചു. വിമൻ ജസ്റ്റിസ് ഹെൽപ്പ് ഡെസ്കിന്റെ ലോഗോ പ്രകാശനവും നടന്നു.
ജസീല കെ.പി സ്വാഗതവും ബിന്ദു പരമേശ്വരൻ നന്ദിയും പറഞ്ഞു.
