തിരുവനന്തപുരം: ദേശീയപാത വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പൂർത്തീകരിക്കാത്ത പരിപാടിയാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ് നടക്കുന്നത്. സംസ്ഥാന സർക്കാരും മുഖ്യപ്രതിയാണെന്നും സംസ്ഥാനത്തെ ദേശീയപാത മുഴുവൻ അവതാളത്തിലാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
തിരഞ്ഞെടുപ്പ് മാമാങ്കമാണ് കാണുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രിവിലേജ്ഡ്, അതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നുവെന്നും കെ സി വിമർശിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുള്ള വാർത്ത കെ സി വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്നത് ഊഹാപോഹം. താൻ പലവട്ടം തന്റെ നിലപാട് വ്യക്തമാക്കിയതാണ്. തന്നോട് ആദ്യം ചോദിക്കുകയെങ്കിലും വേണ്ടേ. മറ്റ് എംപിമാർ മത്സരിക്കുമോ എന്നുള്ളത് അവരോട് ചോദിക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം, ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി നിലവാരമില്ലാത്തതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ ചടങ്ങിലേക്ക് വിളിക്കണമായിരുന്നു. വിളിക്കാത്ത നടപടി ചീപ്പാണെന്നും ഇത്തരം പരിപാടികൾ ജനാധിപത്യപരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
