ദുബായ്: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വീഡിയോകൾ പങ്കുവെച്ചതിന് യുഎഇയിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. എല്ലാ കുറ്റവാളികളേയും കോടതിയില്‍ ഹാജരാക്കി ഉടൻ വിചാരണ ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വ്യക്തികൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. ഈ വീഡിയോകൾ ദേശീയ സുരക്ഷയ്ക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതായി കാണിക്കുന്ന വീഡിയോകൾ പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചില വീഡിയോകളിൽ പ്രൊജക്ടൈലുകൾ നിലത്തേക്ക് വീഴുന്നതും കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതും കാണിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വീഡിയോകൾ പങ്കിട്ടതെന്ന് അധികൃതർ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണ്, അതിനാൽ, പബ്ലിക് പ്രോസിക്യൂഷൻ ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്.
കുടിയേറ്റക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള പ്രധാന നിയമങ്ങൾ:
- യുഎഇയിൽ സൈനിക അല്ലെങ്കിൽ സുരക്ഷാ പ്രവർത്തനങ്ങളുടെ ഫോട്ടോ എടുക്കുന്നതോ വീഡിയോ എടുക്കുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു.
- ഔദ്യോഗിക അനുമതിയില്ലാതെ, ഏതൊരു സംഭവത്തിനു ശേഷമുള്ള സാഹചര്യം റെക്കോർഡ് ചെയ്ത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യാൻ കഴിയില്ല.
- ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കിംവദന്തികൾ പ്രചരിപ്പിക്കുകയോ വാർത്തകൾ പങ്കിടുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
- തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ യുഎഇ അധികൃതർ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അറസ്റ്റിലായ 10 പേരും വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ്. അവരെ ഉടൻ കോടതിയിൽ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ സമാധാനവും ക്രമസമാധാനവും തകർക്കില്ലെന്ന് തെളിയിക്കുന്നതിനാണ് അറ്റോർണി ജനറലിന്റെ ഈ നടപടി. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും മറ്റ് പ്രവാസികളും സ്ഥിരീകരിക്കാത്ത വിവരങ്ങളോ സുരക്ഷയുമായി ബന്ധപ്പെട്ട വീഡിയോകളോ സോഷ്യൽ മീഡിയയിൽ പങ്കിടരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു.
