വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള തന്റെ നയങ്ങളെച്ചൊല്ലി അമേരിക്കയുടെ ഉന്നത ഭീകരവിരുദ്ധ ഉപദേഷ്ടാവ് ജോ കെന്റ് രാജിവച്ചു. ഈ ഉന്നതതല രാജിയോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായും തുറന്നടിച്ചും പ്രതികരിച്ചു. “അദ്ദേഹം പോയത് നല്ല കാര്യം” എന്നാണ് ട്രംപ് പറഞ്ഞത്.
ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, പ്രസിഡന്റ് ട്രംപ് ജോ കെന്റിനെ നേരിട്ട് ആക്രമിച്ചു, ദേശീയ സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹത്തെ “അങ്ങേയറ്റം ദുർബലൻ” എന്ന് വിശേഷിപ്പിച്ചു. “അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. എന്നാൽ, സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹം അലസനാണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പ്രസ്താവന വായിച്ചപ്പോൾ, ഇറാൻ അമേരിക്കയ്ക്ക് ഒരു ഭീഷണിയുമില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നെനിക്കു മനസ്സിലായതു മുതല്‍ അദ്ദേഹം പോകുന്നത് നമുക്ക് നല്ലതാണെന്ന് എനിക്ക് തോന്നി,” ട്രംപ് ഊന്നിപ്പറഞ്ഞു, “ഇറാൻ എത്ര വലിയ ഭീഷണിയാണെന്ന് ലോകം മുഴുവൻ അറിയുന്നു; യഥാർത്ഥ ചോദ്യം ഏതെങ്കിലും രാജ്യം അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാണോ എന്നതാണ്.”
വിദേശ യുദ്ധത്തിന്റെ പേരിൽ പതിറ്റാണ്ടുകൾക്കിടെ രാജി വെക്കുന്ന ഏറ്റവും ഉയർന്ന രാഷ്ട്രീയ നിയമനങ്ങളിൽ ഒരാളാണ് കെന്റ്. ചരിത്രത്തിലെ ഒരു മുതിർന്ന പ്രസിഡന്റ് ഭരണ ഉദ്യോഗസ്ഥന്റെ രാജി കത്തിൽ ഇസ്രായേലിനെതിരെ കെന്റിന്റെ പരസ്യ പ്രതികരണം ആദ്യമാണ്. ഉയർന്ന സുരക്ഷാ അനുമതിയുള്ള കെന്റ്, ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഡൊണാൾഡ് ട്രംപിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചു.
“ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥരും അമേരിക്കൻ മാധ്യമങ്ങളിലെ സ്വാധീനമുള്ള അംഗങ്ങളും നിങ്ങളുടെ അമേരിക്ക ഫസ്റ്റ് പ്ലാറ്റ്ഫോമിനെ പൂർണ്ണമായും ദുർബലപ്പെടുത്തുന്ന തെറ്റായ വിവര പ്രചാരണം നടത്തി, ഇറാനുമായുള്ള യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി യുദ്ധ അനുകൂല വികാരങ്ങൾ വിതച്ചു. ഇറാൻ അമേരിക്കയ്ക്ക് ആസന്നമായ ഭീഷണി ഉയർത്തുന്നുവെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ ഈ എക്കോ ചേംബർ ഉപയോഗിച്ചു,” കെന്റ് എഴുതി.
ഇറാനിൽ നിന്ന് യുഎസിന് ഉടനടി ഒരു ഭീഷണിയും നേരിടേണ്ടി വന്നിട്ടില്ലെന്ന് ജോ കെന്റ് തന്റെ രാജി കത്തിൽ അവകാശപ്പെട്ടു. കെന്റിന്റെ അവകാശവാദങ്ങൾ “പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്” എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വിശേഷിപ്പിച്ചു.
“ഡെമോക്രാറ്റുകളും ചില ലിബറൽ മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിക്കുന്ന അതേ തെറ്റായ വിവരണമാണിത്. ഇറാൻ അമേരിക്കയ്ക്കെതിരെ ആദ്യ ആക്രമണം നടത്താൻ പൂർണ്ണമായും തയ്യാറാണെന്നതിന് തന്റെ പക്കൽ ശക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഉണ്ടെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്,” ലെവിറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു നീണ്ട പോസ്റ്റിൽ എഴുതി.
ഇറാനെ ലോകത്തിലെ ഏറ്റവും വലിയ ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യമെന്ന് വിശേഷിപ്പിച്ച ലെവിറ്റ് പറഞ്ഞു, “ഇറാൻ ഭരണകൂടം ദുഷ്ടശക്തിയാണ്. അവർ അഭിമാനത്തോടെ അമേരിക്കക്കാരെ കൊല്ലുകയും ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിക്കുന്നതുവരെ നമ്മുടെ രാജ്യത്തെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശക്തമായ അടിത്തറയില്ലാതെ പ്രസിഡന്റ് സൈനിക ബലപ്രയോഗം നടത്തുകയില്ല.”
അമേരിക്കൻ ഭരണഘടന പ്രകാരം, രാജ്യത്തിന്റെ ശത്രുക്കളെയും സാധ്യതയുള്ള ഭീഷണികളെയും വിലയിരുത്താനുള്ള പരമോന്നത അധികാരം കമാൻഡർ-ഇൻ-ചീഫ് ആയ പ്രസിഡന്റിൽ മാത്രമാണെന്നും അമേരിക്കൻ ജനത അദ്ദേഹത്തെ വോട്ട് ചെയ്ത് പിന്തുണച്ചതാണെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി. വിദേശ സ്വാധീനത്താൽ ട്രംപ് യുദ്ധത്തിന് പോകാൻ തീരുമാനിച്ചുവെന്ന ആരോപണങ്ങൾ അതിരുകടന്നതും പരിഹാസ്യവുമാണെന്ന് പറഞ്ഞ് അവരത് തള്ളിക്കളഞ്ഞു.
.@POTUS: "I always thought he was a nice guy, but I always thought he was weak on security… When I read his statement, I realized that it's a good thing that he's out because he said that Iran was not a threat… Iran was a tremendous threat." https://t.co/atnLqkUsde pic.twitter.com/d8t8DZEUfu
— Rapid Response 47 (@RapidResponse47) March 17, 2026
