തിരുവനന്തപുരം: നോമിനേഷന്റെ അവസാന തീയതിവരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെന്ന ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ ഉറപ്പ്, പാലിച്ചേ തീരുവെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചുചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ നിരവധി യോഗങ്ങളിൽ ഈ ഉറപ്പ് നൽകിയിരുന്നു. ഇക്കഴിഞ്ഞ പതിനാറാം തീയതി നടന്ന യോഗത്തിലും ഇക്കാര്യം ആവർത്തിച്ച് ഉറപ്പിച്ചിരുന്നു. അതനുസ്സരിച്ചു പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഇരുപതിമൂന്നാം തീയതിവരെ അവസരമുണ്ടെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ, അവരുടെ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയിപ്പും നൽകിയിരുന്നു.
എന്നാൽ, പതിനഞ്ചാം തീയതിക്ക് ശേഷമുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യേണ്ടതില്ല എന്ന് ഇലക്ഷൻ കമ്മീഷൻ, ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതായാണ് ഇപ്പോൾ അറിയുന്നത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് സി.ഇ.ഓ നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണിത്.
ഇന്ന്, ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ കേൽക്കറേയും അഡീഷണൽ ഇലക്ടറൽ ഓഫീസർ കൃഷ്ണദാസിനേയും ബന്ധപ്പെട്ടപ്പോഴാണ്, അപേക്ഷകളുടെ പ്രോസ്സസിംഗിന് ഏഴ് ദിവസം സമയം വേണമെന്നും പതിനഞ്ചാം തീയതിവരെയുള്ള അപേക്ഷകൾ ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ പ്രോസസ്സ് ചെയ്യുന്നത്തിനുള്ള സമയമാണ് മാർച്ച് 23 വരെയെന്നും അറിയുന്നത്.
പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഉറപ്പ് നൽകിയ തീയതിയുടെ കാര്യത്തിൽ, ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവിന് പൊതുജനങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല: ആനന്ദകുമാർ മുന്നറിയിപ്പ് നൽകി.
