തൃശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിയ യുവതിയെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപമുള്ള ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര സ്വദേശിനിയായ ശ്രീലക്ഷ്മി (30) യാണ് അറസ്റ്റിലായത്.
ശ്രീലക്ഷ്മിയിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ, മയക്കുമരുന്ന് വിറ്റ് അനധികൃതമായി സമ്പാദിച്ച 90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തു.
കാരയാമുട്ടം സൊസൈറ്റിക്ക് സമീപം ഇവര്‍ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും വലപ്പാട് പോലീസിന്റെയും നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ശ്രീലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തിയത്.
പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ ഒഴിവാക്കാൻ യുവതി ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. വിശ്വസനീയരായ ഉപഭോക്താക്കളുമായി മാത്രമേ ഇവര്‍ വില്പന നടത്തിയിരുന്നുള്ളൂ. യുവതിക്ക് മയക്കുമരുന്ന് വിതരണം ചെയ്ത വ്യക്തിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
