യുഎസ് യുദ്ധക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണിന് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണം

അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളെ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥര്‍ നിരസിച്ചു. തന്നെയുമല്ല, അമേരിക്കയുടെ തന്ത്രപരമായ ശക്തി ദുർബലമാകുന്നതായി കാണുന്നുവെന്ന് ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഗാരി പറഞ്ഞു.

ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് നീങ്ങുന്നു. ഇറാനെതിരായ സൈനിക നടപടി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി വൈകിപ്പിച്ചിട്ടും, ടെഹ്‌റാൻ ഉറച്ചു നിൽക്കുകയാണ്. യുഎസ് യുദ്ധക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ട് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു.

“ഖാദർ” എന്ന ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് യുഎസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ടാണ് തങ്ങളുടെ നാവികസേന ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം സ്റ്റേറ്റ് ടിവിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന കപ്പൽ വിരുദ്ധ മിസൈലുകളായിരുന്നു ഇവയെന്ന് ഇറാൻ പറഞ്ഞു. അതിനാൽ യുഎസ് കപ്പലിന് സ്ഥാനം മാറ്റേണ്ടി വന്നു. പക്ഷെ, ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

യുഎസ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ഇറാനിയൻ നാവികസേനാ മേധാവി ഷഹ്‌റാം ഇറാനി പറഞ്ഞു. അമേരിക്കൻ കപ്പലുകൾ ഇറാനിയൻ മിസൈൽ സംവിധാനങ്ങളുടെ പരിധിയിൽ വന്നു കഴിഞ്ഞാല്‍ അവ കൂടുതൽ ആക്രമണങ്ങൾക്ക് വിധേയമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യു എസ് യുദ്ധക്കപ്പലുകള്‍ ഇറാനിയൻ ജലാശയത്തിലേക്ക് അടുത്തെത്തിയാൽ തങ്ങളുടെ യുദ്ധക്കപ്പലുകൾ അവയെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ യുഎസിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇറാനിയൻ നാവികസേന യുഎസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണിനെ നിരന്തരം നിരീക്ഷിക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരും അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളെ തള്ളിക്കളഞ്ഞു. അമേരിക്കയുടെ തന്ത്രപരമായ ശക്തി ദുർബലമാകുന്നതായി കാണുകയും അവരുടെ സമീപകാല നീക്കങ്ങൾ വെറും ശക്തിപ്രകടനം മാത്രമാണെന്നും ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഗാരി പറഞ്ഞു. ട്രം‌പിന്റേത് വെറും ‘ഗീര്‍‌വാണങ്ങള്‍’ ആണെന്നും അത് അമേരിക്കന്‍ ജനതയെയും ട്രം‌പിന്റെ ഉപജാപക സംഘത്തെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിയൻ വൈദ്യുത നിലയങ്ങളെ ആക്രമിക്കാനുള്ള 48 മണിക്കൂർ അന്ത്യശാസനം പിൻവലിക്കാൻ ഡൊണാൾഡ് ട്രംപ് അടുത്തിടെ തീരുമാനിച്ചത് ശ്രദ്ധേയമാണ്. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഇത് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, ഇറാന്റെ ഏറ്റവും പുതിയ പ്രസ്താവനകളും അവകാശവാദങ്ങളും മേഖലയിലെ സ്ഥിതി ഇപ്പോഴും ദുർബലമാണെന്ന് വ്യക്തമാക്കുന്നു. അത്തരം അവകാശവാദങ്ങളും മുന്നറിയിപ്പുകളും പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുമെന്നും ഇത് ആഗോള സുരക്ഷയെയും എണ്ണ വിതരണത്തെയും ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

Leave a Comment

More News