പ്രസിഡന്റ് ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം നിരസിച്ചുകൊണ്ട്, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാമെന്ന പ്രതീക്ഷകൾ ഇറാൻ തകർത്തു…
ദോഹ (ഖത്തര്‍): മധ്യപൂർവദേശ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകൾക്ക് മറ്റൊരു വലിയ തിരിച്ചടി കൂടി നേരിട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 15 പോയിന്റ് സമാധാന നിർദ്ദേശം ഇറാൻ പൂർണ്ണമായും നിരസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ സംബന്ധിച്ച യുഎസ് അവകാശവാദങ്ങളും ടെഹ്റാൻ തള്ളിക്കളഞ്ഞു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ഇപ്പോൾ വളരെ അപകടകരവും വിനാശകരവുമായ ഒരു വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇറാന്റെ നിലപാട് കടുപ്പിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് യുഎസ് സമാധാന നിർദ്ദേശത്തിന്റെ നിബന്ധനകളെ “യാഥാർത്ഥ്യബോധമില്ലാത്തതും, യുക്തിരഹിതവും, അമിതവുമാണ്” എന്ന് വിശേഷിപ്പിച്ചു. വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും, കൈമാറ്റം ചെയ്യപ്പെടുന്ന ഏതൊരു സന്ദേശവും പൂർണ്ണമായും ഇടനിലക്കാർ വഴിയാണ് നടത്തുന്നതെന്നും ബഗായ് വ്യക്തമാക്കി.
മറുവശത്ത്, പാക്കിസ്താന് വഴി അയച്ച 15 പോയിന്റ് നിർദ്ദേശത്തിന് ഇറാൻ ഏതാണ്ട് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ട്രംപ് തന്നെ സ്വന്തം വാദത്തിൽ സംശയം പ്രകടിപ്പിച്ചു, “ഒരിക്കലും ഇറാനുമായി ഉറപ്പുണ്ടാകാൻ കഴിയില്ല, കാരണം, ഞങ്ങൾ അവരുമായി ചർച്ച നടത്തുന്നു, തുടർന്ന് ഞങ്ങൾ എല്ലായ്പ്പോഴുമെന്ന പോലെ അവരെ ആക്രമിക്കേണ്ടിവരും.”
സമാധാന നിർദ്ദേശം നിരസിച്ചത് ഇറാനിലേക്ക് അമേരിക്കയുടെ പരിമിതമായ കര അധിനിവേശത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. റിപ്പോർട്ട് അനുസരിച്ച്, ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് പകരം, പേർഷ്യൻ ഗൾഫിലെ ഇറാന്റെ ഏറ്റവും വലിയ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോർമുസ് കടലിടുക്കിന് ചുറ്റും സർജിക്കൽ റെയ്ഡുകൾ നടത്താനും യുഎസ് സൈന്യം പദ്ധതിയിട്ടേക്കാം.
ഈ സൈനിക പദ്ധതിക്ക് ട്രംപ് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെങ്കിലും, ഇറാനിയൻ എണ്ണ പിടിച്ചെടുക്കാനുള്ള തന്റെ ഉദ്ദേശ്യം ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തെ എതിർക്കുന്ന അമേരിക്കൻ വിമർശകരെ അദ്ദേഹം “വിഡ്ഢികൾ” എന്ന് പോലും വിളിച്ചു.
യുഎസ് സൈന്യത്തിന്റെ ആക്രമണാത്മക തയ്യാറെടുപ്പുകൾക്ക് മറുപടിയായി, ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും അമേരിക്കൻ സൈനികൻ ഇറാനിയൻ മണ്ണിൽ കാലുകുത്താൻ തുനിഞ്ഞാൽ, അവർ “പേർഷ്യൻ ഗൾഫിലെ സ്രാവുകൾക്ക് ഭക്ഷണമായി” മാറുമെന്ന് ഇറാന് ട്രംപിനെ നേരിട്ട് വെല്ലുവിളിച്ചു.
ട്രംപിന്റെ ഉദ്ദേശ്യങ്ങളെ ഇറാൻ പാർലമെന്റ് സ്പീക്കർ ചോദ്യം ചെയ്തു. ഡോണാള്‍ഡ് ട്രംപ് നയതന്ത്രത്തിലും സമാധാന ചർച്ചകളിലും ഏർപ്പെടുന്നതായി നടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതേസമയം, കര ആക്രമണങ്ങളിലൂടെ ഇറാനിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് തിരശ്ശീലയ്ക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
