1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു.
തറവാട് വീടും,ജന്മ ദേശവും,ബന്ധങ്ങളും,കൽക്കട്ടയിലെ ജീവിതവും എല്ലാം അവരിൽ ഉണർത്തിയ ചിന്തകളെ,വികാര വിചാരങ്ങളെ. വിരഹങ്ങളെ എല്ലാ. അക്ഷരങ്ങളിലൂടെ അവർ നിറം ചേർത്തെടുത്തു.
മാധവിക്കുട്ടിയുടെ സാഹിത്യജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. 10-ാം വയസ്സിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “കുഷ്ഠരോഗിയാണ്” എന്ന കഥയാണ് ആദ്യ കൃതി. 1955-ൽ “മതിലുകൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ചെറുകഥകളാണ് അവരുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും, തനിക്ക് ഏറ്റവും യോജിച്ചത് ചെറുകഥകളുടെ വിശാലലോകമാണെന്ന് അവർ തിരിച്ചറിഞ്ഞു. അവരുടെ രചനകളിൽ ജീവിതത്തിന്റെ യാഥാർത്ഥ്യവും വികാരഗാഢതയും നിറഞ്ഞുനിൽക്കുന്നു. ഒപ്പം ആഗ്രഹങ്ങളുടെയും,വിരഹങ്ങളുടെയും ഹൃദയ തുടിപ്പുകളും.
മലയാളത്തിന്റെ മാധവിക്കുട്ടിയുടെ രചനകൾ വളരെ പച്ചയായതും,തുറന്നമനസ്സും, കാലത്തിനും മേലെയുള്ള ധൈര്യവും ആയിരുന്നു. സമൂഹം പറയാൻ മടിച്ച വിഷയങ്ങൾ അവർ അതിസുന്ദരമായി അവതരിപ്പിച്ചു. സദാചാര ലോകത്തിലെ അശ്ലീലങ്ങളെ എഴുത്തിലൂടെ ശ്ലീലങ്ങളായി,മനുഷ്യന്റെ പച്ചയായ വികാരങ്ങളെ വളരെ പച്ചയായി അവർ വരച്ചു കാട്ടി.
“എൻ്റെ കഥ” എന്ന ആത്മകഥ മലയാളികൾ ആവർത്തിച്ച് വായിക്കുകയും വിമർശിക്കുകയും ചെയ്തതും,ഒപ്പം സാഹിത്യ ആരാധകരുടെ പ്രശംസയ്ക്ക് അർഹമായതും മാധവിക്കുട്ടിയുടെ തുറന്നുപറച്ചിലിന്റെ ശക്തിയെ സൂചനകളായിരുന്നു.
മാധവിക്കുട്ടിയുടെ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളിൽ ചിലത്:
- മതിലുകൾ
- തരിശുനിലം
- നരിച്ചീറുകൾ പറക്കുമ്പോൾ
- എൻ്റെ സ്നേഹിത അരുണ
- ചുവന്ന പാവാട
- പക്ഷിയുടെ മണം
- നഷ്ടപ്പെട്ട നീലാംബരി
- തണുപ്പ്
- മാനസി
- എൻ്റെ കഥ
- നീർമാതളം പൂത്തകാലം
ഇംഗ്ലീഷിൽ Kamala Das എന്ന പേരിൽ എഴുതിയ പ്രശസ്ത കൃതികൾ:
- Summer in Calcutta
- Alphabet of Lust
- The Descendants
- The Old Playhouse
- Collected Poems
മാധവിക്കുട്ടിയെ തേടി ഒട്ടനവധി പുരസ്കാരങ്ങളും, അംഗീകാരങ്ങളും,പ്രശംസാപത്രവും ഒഴുകി എത്തി അവയിൽ പ്രധാനപ്പെട്ടവ:
- വയലാർ അവാർഡ്
- എഴുത്തച്ഛൻ പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- കേരള സാഹിത്യ അക്കാദമി അവാർഡ്
- ഏഷ്യൻ വേൾഡ് പ്രൈസ്
- ഏഷ്യൻ പൊയട്രി പ്രൈസ്
1984-ൽ വേൾഡ് അക്കാദമി ഓഫ് ആർട്ട് ആൻഡ് കൾച്ചർ ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. അതേ വർഷം സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിന് അവരുടെ പേര് നിർദേശിക്കപ്പെട്ടു. എങ്കിലും മാധവികുട്ടി പ്രണയം മനസ്സിൽ തിങ്ങിയ ഒരു വിരഹ കാമുകിയുടെ വേഷത്തിൽ മലയാള ഭാഷയോട് കിന്നാരം പറഞ്ഞു കൊണ്ടേയിരുന്നു.
മതപരിവർത്തനം: വിവാദങ്ങളും വേദനകളും
ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിൽ, 1999-ൽ മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ച് കമലാസുരയ്യ എന്ന പേര് സ്വീകരിച്ചു. ഈ തീരുമാനം കേരളസമൂഹത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായി.
അവരുടെ മതപരിവർത്തനം പലർക്കും അപ്രതീക്ഷിതവും അതിശയകരവുമായ ഒരു സംഭവമായിരുന്നു. ചിലർ അത് വ്യക്തിപരമായ ആത്മീയ അന്വേഷണമായി കണ്ടപ്പോൾ, മറ്റുചിലർ വിമർശനാത്മകമായി സമീപിച്ചു. ചിലർ അതിനു ലവ് ജിഹാദിന്റെ രക്തസാക്ഷി പരിവേഷം നൽകി.
മതം മാറിയതിന് ശേഷം മാധവിക്കുട്ടിയുടെ ജീവിതം വിമര്ശങ്ങളാൽ, പൊതു ചർച്ചകളാൽ കലുഷിതമായി.
സമൂഹത്തിന്റെ ശക്തമായ വിമർശനങ്ങൾ, മാധ്യമ വിചാരണ, സാഹിത്യ ആരാധകരിൽ നിന്നുള്ള കുത്തുവാക്കുകളും, അകന്നു പോയ സുഹൃത്തുക്കൾ, അതിന്നെക്കാൾ ഉപരി വ്യക്തിപരമായ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ, കുടുംബ ബന്ധങ്ങളിൽ ഉണ്ടായ മാനസിക സമ്മർദ്ദങ്ങൾ ഇവയെല്ലാം മലയാളത്തിന്റെ സ്വന്തം “നീര്മാതളപ്പൂവിനെ” കരിച്ചു കളഞ്ഞു. ഇതെല്ലാം ഉണ്ടായിട്ടും, താൻ എടുത്ത തീരുമാനം ശരിയാണെന്ന ആത്മവിശ്വാസത്തോടെ അവർ മുന്നോട്ട് നീങ്ങി. എന്നാൽ, പിന്നീട് നൽകിയ ചില അഭിമുഖങ്ങളിൽ അവർ അനുഭവിച്ച ഏകാന്തതയും മാനസിക സംഘർഷങ്ങളും സൂചിപ്പിച്ചിരുന്നു. ചതിയിൽ അകപ്പെട്ടു പോയ പ്രണയത്തിന്റെയും, മതം മാറ്റത്തിന്റെയും അനുഭവങ്ങൾ മാധവിക്കുട്ടി എന്ന അമൂല്യ എഴുത്തുകാരിയെ സ്വന്തം മനസ്സിന്റെ തടവറയിൽ പൂട്ടിയിട്ടു.
മലയാളത്തിലെ അമൂല്യങ്ങളിൽ അമൂല്യങ്ങളായ രചനകളിലൂടെ, തുറന്നു പറച്ചിലൂടെ സാഹിത്യ ലോകത്തിനു നിറം പകർന്നു പാറി നടന്നിരുന്ന മാധവി കുട്ടി, ആത്മ സംഘർഷത്തിന്റെ, വേദനയുടെ മുഖമായി മാറി.
കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടും, മാധവിക്കുട്ടിയുടെ സാഹിത്യ രചനകൾ ഇന്നും പുതുമയും പ്രാസക്തിയും നഷ്ടപ്പെടാത്തതാണ്. സ്ത്രീയുടെ സ്വതന്ത്ര ചിന്തയും വ്യക്തിത്വവും അവർ ശക്തമായി മുന്നോട്ട് വെച്ചു. അവരുടെ കൃതികൾ/ രചനകൾ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണത, പ്രണയത്തിന്റെ വിവിധ മുഖങ്ങൾ, സ്ത്രീയുടെ മനസ്സിന്റെ ഉള്ളറകളിലെ സത്യങ്ങൾ, ഇവയെല്ലാം ആഴത്തിൽ പ്രതിഫലിപ്പിച്ചു
മാധവിക്കുട്ടി ഒരു എഴുത്തുകാരി മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ്. വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞ ജീവിതം നയിച്ചെങ്കിലും, തന്റെ സത്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യം അവർ ഒരിക്കലും നഷ്ടപ്പെടുത്തിയില്ല.
മതപരിവർത്തനത്തിനു ശേഷമുള്ള ജീവിതത്തിലെ സംഘർഷങ്ങളും അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തന്നെ മാറി. എങ്കിലും, അവരുടെ സാഹിത്യ സംഭാവനകൾ കാലാതീതമാണ്.പച്ചയായ തുറന്നു പറച്ചിലും. സത്യസന്ധതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാധവിക്കുട്ടി എന്നും മലയാളികളുടെ മനസ്സിൽ ഒരു നീര്മാതളപൂവ് പോലെ വിടർന്നു നില്ക്കുന്നു.
