‘ജാനകി രക്ഷിക്കപ്പെട്ടു’ (ലേഖനം): രാജു മൈലപ്ര

പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം.

തള്ളയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

“എടാ പൊടിയാ, നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണു വേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം”

നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു. അങ്ങിനെ അയാളേക്കാള്‍ പത്തിരുപത് വയസ് പ്രായക്കുറവുള്ള ജാനകി, അയാള്‍ക്കും പൊടിക്കുഞ്ഞിനും ഒരു തുണയായി, ഇണയായി കൂടെക്കൂടി.

ഒരു ചെറിയ ചെറ്റക്കുടിലിലായിരുന്നു അവരുടെ താമസം. ചെറ്റക്കുടിലില്‍ താമസിക്കുന്നവരെ ‘ചെറ്റകള്‍’ എന്നു വിളിക്കുന്ന ഒരു ‘സംസ്‌കാരം’ അന്നു തുടങ്ങിയിട്ടില്ലായിരുന്നു.

വലിയ ‘പ്രൈവസി’ ഒന്നു മില്ലെങ്കില്‍തന്നെയും ചെറ്റക്കുടിലുകള്‍ സന്താനോല്പാദനത്തിന് ഒരിക്കലും ഒരു തടസമായിരുന്നില്ല. ഒരു കൂരക്കീഴില്‍ തട്ടിയും മുട്ടിയും കഴിഞ്ഞ അവരുടെ ദാമ്പത്യവല്ലരിയില്‍ മുന്നു കുസുമങ്ങള്‍കൂടി വിരിഞ്ഞു.

ആ ഒരു കാലഘട്ടത്തിന്റെ പ്രത്യേക സാമൂഹ്യ സാഹചര്യത്തില്‍, മൂന്നാം ക്ലാസില്‍ വെച്ചുതന്നെ സുകുമാരന്‍ പഠനം നിര്‍ത്തി. എന്നാല്‍ ഒരേ ക്ലാസില്‍ തന്നെ രണ്ടും മൂന്നും വര്‍ഷം പഠിക്കേണ്ടി വന്നതിനാല്‍, മലയാള അക്ഷരമാലയൊക്കെ സുകുമാരന് ഹൃദിസ്ഥമായിരുന്നു.

പൊടിയന്‍ പുലയന്റെ പെങ്ങളൂട്ടി തങ്കയുടെ മകള്‍ തങ്കമണി, വകയില്‍ സുകുമാരന്റെ മുറപ്പെണ്ണാണ്.

സുകുമാരന്‍ തന്റെ മനസ്സില്‍, തങ്കമണിക്കു വേണ്ടി സ്വപ്നം കൊണ്ടൊരു തങ്കക്കൊട്ടാരം തീര്‍ത്തിരുന്നു. എന്നാല്‍, പത്താം ക്ലാസില്‍ തോറ്റെങ്കിലും, പാടത്ത് പണിയെടുക്കുവാന്‍ പോകാത്ത പരിഷ്‌കാരിയായ തങ്കമണി, പത്തനംതിട്ട ‘ പയനിയറില്‍’ ട്യൂട്ടോറിയല്‍ കോളജില്‍ തന്റെ പഠനം തുടര്‍ന്നു.

തങ്കമണിയുടെ തിളങ്ങുന്ന സ്വപ്‌നങ്ങളിലെ നിഴലുകളില്‍ പോലും സുകുമാരന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

സുകുമാരന്റെ വേദനിക്കുന്ന മനസ്സിനുള്ളില്‍ ഒരു കവി ഹൃദയമുണ്ടായിരുന്നു. തങ്കമണിയുടെ മുഖത്ത് ആസിഡ് ഒഴിക്കുവാനോ, കരിക്കിന്‍ വെള്ളത്തില്‍ എലിവിഷം ചേര്‍ത്ത് അപായപ്പെടുത്താനോ ഉള്ള ആധുനിക കാമുക പ്രതികാര വിദ്യകളൊന്നും ആ ശുദ്ധ മനസ്സില്‍ ഇടം തേടിയില്ല.

പകരം തന്റെ മനസ്സിന്റെ വിങ്ങലുകള്‍ അയാള്‍ കവിതകളിലൂടെ കടലാസില്‍ പകര്‍ത്തി.

‘ആട്ടിടയനും കോളേജ് കുമാരി’യും എന്ന പേരില്‍ ഒരു കവിത എഴുതി; അതില്‍ തെറ്റു വല്ലതുമുണ്ടെങ്കില്‍ തിരുത്തിക്കൊടുക്കണമെന്നു പറഞ്ഞ് എന്നെയേല്‍പിച്ചു. ഞാനൊരു പണ്ഡിതനാണെന്ന് ആ പാവം തെറ്റിദ്ധരിച്ച് കാണും. അന്നും ഇന്നും കവിതയുമായി എനിക്കൊരു ബന്ധവുമില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരേ ചൊവ്വേ അങ്ങു പറഞ്ഞാല്‍ പോരേ എന്ന പിന്തിരിപ്പന്‍ ചിന്താഗതിക്കാരനാണ് ഞാന്‍. എന്തിന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അവിടെയുമിവിടെയും അടുക്കിവെച്ച് വായനാക്കാരെ ബുദ്ധിമുട്ടിക്കണം?

നഴ്സിംഗ് പഠനത്തിനായി തങ്കമണി ബോംബെയ്ക്ക് പോയെന്നും, അവിടെവെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നുമുള്ള ഒരു വാര്‍ത്ത പില്‍ക്കാലത്ത് കേട്ടിരുന്നു.

******* ****** *******

ഒരു അവധിക്കാലത്ത് ഞാന്‍ നാട്ടിലുള്ളപ്പോള്‍ ജാനകി എന്നെ കാണാന്‍ വന്നിരുന്നു.

“എന്തുണ്ട് ജാനകി വിശേഷം?”

“ഒന്നുമില്ല കുഞ്ഞേ! വന്നിട്ടുണ്ടെന്ന് മൂലേക്കോണിലെ ജോയിച്ചായന്‍ പറഞ്ഞു. എന്നാല്‍ ഒന്നു കണ്ടേച്ചു പോകാമെന്ന് കരുതി”

“കൈയിലെന്താ ഒരു പുസ്തകമിരിക്കുന്നത്?”

“ഓ, അതോ – വേദപുസ്തകമാണ്. ഞാനിവിടെ രക്ഷിക്കപ്പെട്ടപ്പോള്‍ തേവുപാറേ മറിയക്കുട്ടിയമ്മാമ്മ തന്നതാണ്. ഇത് എപ്പോഴും കൈയില്‍ കൊണ്ടു നടക്കണമെന്നു പറഞ്ഞു”

ജാനകി എന്റെ മുന്നില്‍ തറയിലിരുന്നു.

“ങ്ങിനെയാണ് ജാനകി രക്ഷിക്കപ്പെട്ടത് ?”

“എന്റെ പൊന്നു കുഞ്ഞേ ! പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാനൊരു വെള്ളിയാഴ്ച ദിവസം മൈലപ്രാ പഞ്ചായത്ത് പടിക്കല്‍ വരെ പോകാന്‍ ഇറങ്ങിയതാണ്. മണിയാറ്റു പടിക്കല്‍ ഒരു പാലമരം നില്‍പ്പുണ്ടല്ലോ. ആ മരച്ചുവട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് എന്റെ കണ്ണിന്റെ കാഴ്ച പോയി. പെട്ടെന്ന് ഇടി മുഴങ്ങുന്നതു പോലെ ഒരു ശബ്ദം. ഞാനാകെ പേടിച്ചുപോയി. അന്നു തുടങ്ങിയതാ ഈ വിറയല്‍”.

“ജാനകീ, നീ പഞ്ചായത്ത് പടിക്കല്‍ പോകണ്ടാ, ആ വളവിനു തേവുപാറാ മറിയക്കുട്ടിയുടെ വീട്ടില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്. ബാക്കി കാര്യം മറിയക്കുട്ടി സഹോദരി പറയും.”

“പെട്ടെന്ന് എനിക്ക് കാഴ്ച തിര്യെ കിട്ടി. ആരോ എന്നെ പിടിച്ചു വലിച്ച് തേവുപാറ എത്തിച്ചു. അവിടെ കുറെ സഹോദരിമാര്‍ പാട്ടുപാടി പ്രാര്‍ത്ഥിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ഞാന്‍ രക്ഷിക്കപ്പെടണമെന്നു പറഞ്ഞു. മറിയക്കുട്ടിയമ്മാമ്മ പറഞ്ഞതൊക്കെ ഞാന്‍ ഏറ്റു പറഞ്ഞു. കര്‍ത്താവ് നിന്റെ പാപമെല്ലാം ക്ഷമിച്ചുവെന്നും, ഇനി നീ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായെന്നും പറഞ്ഞു. എന്നിട്ട് തന്നതാണ് ഈ വേദപുസ്തകം…..”

“ജാനകി എന്തു പാപമാണ് ചെയ്തത്?” ചില പുരോഹിതന്മാര്‍ കുമ്പസാരത്തിനിടയില്‍ കിഴിഞ്ഞ് ചോദിക്കുന്നതുപോലെ ഞാന്‍ ചോദിച്ചു.

“അതു പിന്നെ, നമ്മളെല്ലാം പാപികളായിട്ടാണ് ജനിച്ചതെന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്.”

“ജാനകി വേദപുസ്തകം വായിക്കാറുണ്ടോ?”

“എന്റെ കുഞ്ഞേ! എനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല. പിന്നെ ഞാന്‍ എങ്ങനെ വായിക്കാനാണ്?”

“ആട്ടെ! സ്വര്‍ഗ്ഗത്തില്‍ പോയതുകൊണ്ട് എന്താണ് ഗുണം?”

എന്നിലെ സാത്താന്‍ പത്തി വിടര്‍ത്തി.

“അവിടെ നമ്മള്‍ക്ക് എപ്പോഴും ആനന്ദമാണ്. ദൈവത്തിന്റെ മുന്നില്‍ സര്‍വ്വ സമയവും കൈകൊട്ടി പാട്ടു പാടിക്കൊണ്ടിരിക്കാം. പിന്നീട് നമ്മള്‍ ഒരിക്കലും മരിക്കില്ല. നിത്യ ജീവന്‍ പ്രാപിക്കും”

“അപ്പോള്‍ അവിടെ തീനും, കുടിയും ഊണും, ഉറക്കവുമൊന്നുമില്ലേ?”

“അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മറിയക്കുട്ടിയമ്മാമ്മ പറഞ്ഞത്”.

(ഇതുപോലെ ചില മറിയക്കുട്ടിയമ്മാമ്മമാര്‍ എല്ലാ സഭയിലുമുണ്ട്. പള്ളിയില്‍ പോകും. എന്നാല്‍ പള്ളീലച്ചന്റെ പ്രാര്‍ത്ഥന അത്ര പോരാ എന്ന തോന്നലുകൊണ്ടാവാം, അവര്‍ കുറച്ചു പെണ്ണുങ്ങള്‍ ചേര്‍ന്ന് അച്ചനറിയാതെ ഒരു ഗ്രൂപ്പുണ്ടാക്കും. ‘പ്രെയര്‍ ലൈന്‍’ എന്നൊരു ഫോണ്‍ കൂട്ടായ്മയുണ്ട്. സ്വന്തം മക്കളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം ഈ ഗ്രൂപ്പില്‍ കൂടി വിളിച്ചു പറയും. എന്നിട്ട് വഴിതെറ്റിപ്പോയ ആ കുഞ്ഞാടുകള്‍ക്കായി എല്ലാവരും കൂടി നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രാര്‍ത്ഥിക്കും. അങ്ങിനെ സ്വന്തം പിള്ളാരെ സമൂഹത്തില്‍ നാറ്റിക്കും.)

‘നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്” എന്ന തിരുവചനം പെട്ടെന്ന് ഓര്‍മ്മ വന്നതുകൊണ്ട് ഞാന്‍ പിന്നീട് ജാനകിയോട് മറ്റ് ചോദ്യങ്ങളൊന്നും ചോദിച്ചില്ല.

“എന്നാല്‍ ഞാനിറങ്ങുവാ കുഞ്ഞേ! ഇനി എന്നെങ്കിലും കണ്ടാലായി”

ജാനകി എഴുന്നേറ്റു. ഞാന്‍ കൊടുത്ത ചെറിയ സംഭാവന രണ്ടു കണ്ണിലും മുട്ടിച്ച് മടിയില്‍ തിരുകി.

“കുഞ്ഞിനെ ഭഗവാന്‍ അനുഗ്രഹിക്കും…..”

ദേവീ…..എന്നു നീട്ടിവിളിച്ചുകൊണ്ട് ഞാനകി യാത്രയായി. കഴിഞ്ഞ ആഴ്ച അവര്‍ മരിച്ചുപോയി എന്ന വാര്‍ത്ത കേട്ടു.

പട്ടിണിയും, വിശപ്പും, ദാഹവുമൊന്നുമില്ലാത്ത ഒരു സ്വര്‍ഗ്ഗത്തില്‍ അവര്‍ ദൈവത്തിന്റെ മുന്നില്‍ നാടന്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുകയായിരിക്കും.

“കുറി വരച്ചാലും – കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും
കാണുന്നതും കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന്…..ദൈവം ഒന്ന്…..”

എല്ലാവര്‍ക്കും ഈസ്റ്റര്‍ – വിഷു ആശംസകള്‍.!

 

Leave a Comment

More News