ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കായല്ല, അവരോടൊപ്പം അവര്‍ക്കു വേണ്ടി ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം: എം എ ബേബി

കോട്ടയം: ന്യൂനപക്ഷങ്ങളെ ചിലർ വോട്ട് ബാങ്കായി കാണുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ഇടതുപക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. ഇടതുപക്ഷം എപ്പോഴും അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വർഗീയ ശക്തികൾ അധികാരത്തിൽ വരാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം-ബിജെപി കരാറുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത് അവര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നത് മറച്ചു പിടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും, പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.

അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. കേരളത്തിൽ ഒരു കാരണവശാലും വർഗീയ ശക്തികളുടെ വ്യാപനം അനുവദിക്കരുതെന്ന് എം.എ. ബേബി പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ചില നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കോൺഗ്രസുമായും ബിജെപിയുമായും ഉണ്ടാക്കിയ കരാറാണ് അതിന് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നൂറിലധികം സീറ്റുകൾ നേടുമെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒരു സെഞ്ച്വറി പോലും നേടാത്തതിന്റെ ദുഃഖം ഈ തിരഞ്ഞെടുപ്പിൽ അവസാനിക്കുമെന്നും എം.എ. ബേബി അവകാശപ്പെട്ടു.

അതേസമയം, ശബരിമല സ്വര്‍ണ കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുറത്തുവന്നതെല്ലാം ചിത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണ കൊള്ളയിലെ രണ്ട് പ്രധാന പ്രതികള്‍ സോണിയ ഗാന്ധിയെ കണ്ടു. എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അവര്‍ പലതവണ സന്ദര്‍ശിച്ചു. സംശയത്തിന് ധാരാളം ഇടമുണ്ട്. കൂടിക്കാഴ്ചയില്‍ ദുരൂഹതകളുണ്ടെന്നും എംഎ ബേബി പറഞ്ഞു.

 

Leave a Comment

More News