ഉയർന്ന വോട്ടിംഗ് ശതമാനം ആരെ ഉയർത്തും? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കേരളം വിധിയെഴുതി. ആർക്ക് അനുകൂലമെന്ന് അറിയാൻ മെയ് വരെ കാത്തിരിക്കണം. കനത്ത പോളിംഗ് നടന്നത് മുന്നണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിൽ ഇത്ര വലിയ പോളിംഗ് ഇതാദ്യമാണ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ എഴുപത് ശതമാനത്തിനുള്ളിൽ മാത്രമായിരുന്നു വോട്ടെടുപ്പെങ്കിൽ ഇപ്പോൾ മുന്നണികളെപോലും അത്ഭുതപ്പെടുത്തികൊണ്ട് അത് എൺപതിൽ എത്തിയെത്തിയെന്നതാണ് വസ്തുത. ഉയർന്ന പോളിംഗ് മുന്നണികളെ അത്ഭുതപ്പെടുത്തുക മാത്രമല്ല ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പണ്ട് വോട്ടിങ് ശതമാനം കൂടിയാൽ അത് യൂ ഡി എഫിന് അനുകൂലവും കുറഞ്ഞാൽ എൽ ഡി എഫിന് അനുകൂലമെന്നതായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടായിരത്തി പതിനാറ് മുതൽ അത് ശരിവയ്ക്കുന്നില്ല . അന്ന് വോട്ടിങ് ശതമാനം കൂടിയത് എൽ ഡി എഫിനാണ് അനുകൂലമായത്. കേരള ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത് 1960ലെ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് 85 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കുറി അതിനൊപ്പമെത്തിയെന്നു തന്നെ പറയാം. ഇതിനുമുൻപ് 87 ലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 80 ശതമാനം രേഖപ്പെടുത്തിയ മറ്റൊരു തുരഞ്ഞെടുപ്പ്. ആന്ന് എൽ ഡി എഫിനായിരുന്നു ഭൂരിപക്ഷം കിട്ടിയത്.

ചുരുക്കത്തിൽ സമീപ കാലത്തെ ഏറ്റവും ഉയർന്ന പോളിങ് ഇക്കുറി ആയിരുന്നു എന്ന് തന്നെ പറയാം. രാഷ്ട്രീയ പാർട്ടികളും മുന്നണികളും അത് തങ്ങൾക്ക് അനുകൂലമാണെന്ന് വാദിക്കുന്നെങ്കിലും അതിന് പല ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മനോഹാരിതയും ശക്തവും അവകാശവുമാണ് തിരഞ്ഞെടുപ്പ്. തങ്ങളുടെ അവകാശവും എതിർപ്പും പിന്തുണയും പ്രതിഷേധവും എല്ലാം പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് തിരഞ്ഞെടുപ്പിൽ കൂടി വരുന്നത്. കേരളം പോലെയുള്ള ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമേ ഇന്നും കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുള്ളു. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിലെ ചില സംസ്ഥാങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ഏറെ വിവാദവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്തത് അതിനുദാഹരണമാണ്. എന്നാൽ കേരളത്തിൽ അത്തരം സംഭവങ്ങൾ വളരെ കുറവാണ്. ഇക്കുറി നിയമ സഭ തിരഞ്ഞെടുപ്പ് ഏറെ കുറെ സമാധാനപരവുമായിരുന്നു. ഉയർന്ന പോളിങ് മുൻ കാലങ്ങളിൽ യൂ ഡി എഫിന് അനുകൂലമായിരുന്നു. അതുപോലെ താഴ്ന്ന പോളിങ് എൽ ഡി എഫിനും അനുകൂലമായിരുന്നു. എന്നാൽ ആ വിലയിരുത്തൽ മാറാൻ തുടങ്ങിയത് 2016 മുതലായിരുന്നു. അന്ന് 76 ശതമാനം പോളിങ്ങായിരുന്ന രേഖപ്പെടുത്തിയത്. എൽ ഡി എഫായിരുന്ന അന്ന് വിജയിച്ചത്. കഴിഞ്ഞ രണ്ട് ലോക് സഭ തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് ശതമാനം കുറവായിരുന്നു കേരളത്തിൽ. എന്നാൽ യൂ ഡി എഫ് വാൻ വിജയം കാഴ്ചവച്ചതാണ് കാണാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ വോട്ടിങ് ശതമാനം കൂടുന്നതും കുറയുന്നതും ആർക്ക് അനുകൂലമാണെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല.

ഒരുകാര്യം വ്യക്തമാണ് ജനങ്ങൾ വീറും വാശിയോടും കൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയത്. സമയപരിധി കഴിഞ്‍ രണ്ടും മുന്നും മണിക്കൂർ വരെ കാത്തിരുന്നാണ് പല സ്ഥലങ്ങളിലും ആൾക്കാർ വോട്ട് ചെയ്തത്. എത്ര സമയം കഴിഞ്ഞായാലും ജ്ഞ്യാങ്ങൾ വോട്ട് ചെയ്തേ മടങ്ങുയെന്നായിരുന്നു പലരും ചാനലുകൾക്ക് മുൻപിൽ പറഞ്ഞത്. അത് അവരുടെ വീറും വാശിയേയും സൂചിപ്പിക്കുന്നു. അത് ആർക്ക് എതിരെയാണ് ആർക്ക് അനുകൂലമാണ്. തുടർ ഭരണത്തിനെതിരെയാണോ അതെന്നെ ഒരുപരിധി വരെ പറയാം. ഒട്ടു മിക്ക സർവ്വേകളും യൂ ഡി എഫിന് അനുകൂലമായി പറയുന്നതും. യൂ ഡി എഫിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വൻ ജന പങ്കാളിത്വവും അത് സൂചിപ്പിക്കുന്നു. ആരോഗ്യമേഖല ഉൾപ്പെടെ പല മേഖലകളും കെടുകാര്യസ്ഥതയുടെ പേരിൽ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൈന്യം ദിന ചിലവുകൾക്കും സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും കടം വാങ്ങുന്നത് ഈ സർക്കാരിന്റെ കാലത്ത് ഒരു നിത്യ സംഭവമാണ്. പെൻഷനുകൾ പലതും മുടങ്ങിപോയതും മറ്റൊരു വിഷയമാണ്. ഉദ്യോഗസ്ഥ മേധാവിത്വം അഴിമതി തുടങ്ങിയ പല കാര്യങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ പോലും തകർന്നു വീഴുന്ന അവസ്ഥ ജനങ്ങൾ കാണുമ്പോൾ അതിനെ എത്ര ന്യായികരിക്കാൻ നോക്കിയാലും വിലപോകാതെപോയത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. അങ്ങനെ അതി ശക്തമായ ഒരു ജനവികാരം പിണറായി സർക്കാരിനെതിരെ തിരഞ്ഞതാണോ വോട്ടിങ് ശതമാനം കൂടിയത്.

വി ഡി സതീശന്റെ നേതൃത്വത്തിന്റെ കീഴിൽ യൂ ഡി എഫും പ്രത്യേകിച്ച് കോൺഗ്രസ്സും അടുക്കും ചിട്ടയോടെയും കൂടി തിരഞ്ഞെടുപ്പിനെ നേരിട്ടത് യൂ ഡി എഫിന് ആവേശം പകർന്നുയെന്നുതന്നെ പറയാം. കോൺഗ്രസിന്റെ ശാപമായിരുന്ന വിമത ശല്യം ഇക്കുറി എങ്ങുമില്ലായിരുന്നു. തൊഴുത്തിൽ കുത്തും കാലുവാരലും കേൾക്കാത്ത ഏറക്കുറെ ഒത്തൊരുമയേടെ യൂ ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടു. നേരെ മറിച്ച് എൽ ഡി എഫിൽ ഇക്കുറി വിമത ശല്യമുണ്ടായത് മാത്രമല്ല ഉന്നതരായ പല സി പി എം നേതാക്കളും വിമതരായി രംഗത്തുവരികയും യൂ ഡി എഫിന്റെ പിന്തുണയോടെ മത്സരിക്കുകയും ചെയ്തു. ഇത് എൽ ഡി എഫിനെ പ്രതിസന്ധിയിലാക്കി എന്ന് തന്നെ പറയാം . മത്സരം ഇടതും വലതുമായിരുന്നെങ്കിലും എൻ ഡി യെ ശക്തമായി രംഗത്തുണ്ടായിരുന്നു. അവർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന എഫ് സി ർ സി എ ഭേദഗതി നിയമം ക്രിസ്ത്യൻ സമുദായം ഭയപ്പാടോടെയും സംശയത്തോടെയുമാണ് കാണുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പാണെങ്കിലും തങ്ങൾക്ക് പ്രതികരിക്കാൻ കിട്ടിയ അവസരം അതിനെതിരെയാക്കാമെന്ന് അവർ കരുതിയത് മധ്യകേരളത്തിൽ പ്രതിഭലിപ്പിച്ചേക്കാം. ദീപിക പോലും മുഖ പ്രസംഗമെഴുതിയതും ചില കാത്തോലിക്ക മെത്രാൻമാർ പരസ്യമായി യൂ ഡി എഫിനെ പിന്തുണക്കണമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നതും ജനങ്ങളെ കൂടുതൽ ചിന്തിപ്പിച്ചുവോ. ചുരുക്കത്തിൽ അതിശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായതിന്റെ ലക്ഷണമാണ് ഇത്രയധികം പോളിംഗ് കൂടാൻ കാരണം. അത് ആർക്ക് അനുകൂലമാകുമെന്ന് മെയ് ആദ്യം വരെ കാത്തിരിക്കണം. ലോക്സഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവർത്തിക്കുകയാണെങ്കിൽ അത് യു ഡി എഫിന് അനുകൂലമാണ്.

Leave a Comment

More News