ജനഹൃദയങ്ങളിൽ അനശ്വരനായ ജനനായകന് പ്രണാമം; ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റ് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു

ലിവർപൂൾ: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും സംഘടിപ്പിച്ചു.

ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ഓർമ ദിനത്തോടനുബന്ധിച്ചു ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ലീവാർപൂളിലും അനുസ്മരണ ചടങ്ങുകൾ നടന്നത്.

ജനങ്ങളോട് എന്നും ചേർന്നുനിന്ന ജനനായകന്റെ സേവന പാരമ്പര്യവും മാനുഷിക മുഖവും അനുസ്മരിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ലളിതമായ ജീവിതശൈലിയും സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി അദ്ദേഹം നടത്തിയ നിരന്തര ഇടപെടലുകളും പങ്കെടുത്തവർ സ്മരിച്ചു.

യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് റവ ഫാ ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും സ്നേഹപൂർവമായ ഇടപെടലുകളും കേരളത്തിന്റെ പൊതുജീവിതത്തിൽ എന്നും സ്മരണീയമായിരിക്കുമെന്നും ജനങ്ങളുമായി നേരിട്ട് ബന്ധം പുലർത്തിയ അപൂർവ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, അദ്ദേഹത്തിന്റെ സേവന മാതൃക എക്കാലവും പ്രചോദനമായി നിലനിൽക്കുമെന്നും അവർ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ സമകാലികനും അടുത്ത സുഹൃത്തുമായിരുന്ന തമ്പി ജോസ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് ചടങ്ങിന് ഏറെ വൈകാരികത നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം ജോസ് തടിയൻപാടും ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വവും ജനങ്ങളുമായുള്ള ആത്മബന്ധവും ഓർമ്മിപ്പിച്ചുകൊണ്ട് അനുസ്മരണ സന്ദേശം നൽകി.

വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ റോയ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ലിവർപൂൾ യൂണിറ്റ് ഭാരവാഹികളായ പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ്, എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പങ്കെടുത്തവർക്ക് സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ എന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്നും അദ്ദേഹത്തിന്റെ ജനസേവന പാത പിന്തുടരാനുള്ള പ്രതിബദ്ധതയോടെയുമാണ് സ്മൃതി സംഗമം സമാപിച്ചത്.

Leave a Comment

More News