കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് ചിത്രമായ ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രണയത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയൻ ബാലയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഹംഗാമ ഒടിടിയിലൂടെ ആസ്വദിക്കാം.
അജയൻ ബാല രചനയും സംവിധാനവും നിർവഹിച്ച ചിത്രം, അജയ് അർജുൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അർജുനനാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീറാം കാർത്തിക്, കൃഷ കുറുപ്പ്, മുനിഷ്കാന്ത്, സിംഗംപുളി, ടൈഗർ തങ്കദുരൈ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിഹാസ സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചെഴിയൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ എ. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നീലഗിരിയുടെ മനോഹര ദൃശ്യഭംഗിയും വികാരനിർഭരമായ അവതരണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
സംസാര വൈകല്യമുള്ള സൂര്യ എന്ന നാഷണൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫർ അപൂർവമായ ഒരു പക്ഷിയുടെ ചിത്രം പകർത്താനായി ഊട്ടിയിലേക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവിടെ നിർബന്ധിത വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന അനാഥയായ ചാരുവിനെ അവൻ കണ്ടുമുട്ടുന്നു. അപ്രതീക്ഷിതമായി ആരംഭിക്കുന്ന ഈ കൂടിക്കാഴ്ച പ്രണയത്തിലേക്കും പ്രതീക്ഷയിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്ന ഹൃദയസ്പർശിയായ കഥയാണ് ‘മൈലാഞ്ചി’ പറയുന്നത്.
ഇരവിൻ വിഴികൾ, തടൈ അതൈ ഉടൈ, തൊലൈവിൽ ഒരു കാതൽ, യോളോ എന്നീ ചിത്രങ്ങൾക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന അഞ്ചാമത്തെ തമിഴ് സിനിമയാണ് മൈലാഞ്ചി. സംവിധായകൻ നിർമൽ ബേബി വർഗീസ് 2016-ൽ ആരംഭിച്ച ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. ഡോക്യുമെന്ററികൾ, ഫീച്ചർ സിനിമകൾ എന്നിവയുടെ നിർമ്മാണത്തിനൊപ്പം പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകൾ വിതരണം ചെയ്യുന്നതിലും കമ്പനി സജീവമാണ്.
Movie Link: https://www.hungama.com/
