നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ട്രംപിന്റെ രാഷ്ട്രീയ പരസ്യങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ഞായറാഴ്ച രാത്രിയാണ് ഫെഡറൽ ജഡ്ജി ഇതുസംബന്ധിച്ച താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, പരസ്യപ്രചാരണം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു.

രണ്ടാഴ്ചത്തേക്കാണ് കോടതി താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കാലയളവിൽ വിവാദ പരസ്യങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, വിതരണം, പ്രചാരണം, സംപ്രേഷണം എന്നിവയ്ക്ക് അനുമതി നൽകുന്ന പുതിയ കരാറുകളിൽ ഏർപ്പെടാനോ നിലവിലുള്ള കരാറുകൾ പുതുക്കാനോ വിപുലീകരിക്കാനോ പാടില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

ശനിയാഴ്ച രാത്രി കോടതിയിൽ സമർപ്പിച്ച രേഖയിൽ, വിവാദമായ പരസ്യപ്രചാരണം അടുത്ത ദിവസം അവസാനിക്കുമെന്നതിനാൽ താൽക്കാലിക നിരോധന ഉത്തരവിന്റെ ആവശ്യമില്ലെന്ന് നീതിന്യായ വകുപ്പ് വാദിച്ചിരുന്നു.
ആഭ്യന്തര സുരക്ഷാ വകുപ്പാണ് (DHS) പരസ്യങ്ങൾക്കായി നികുതിദായകരുടെ പണത്തിൽനിന്ന് 20 മില്യൺ ഡോളർ വിനിയോഗിച്ചത്. കോൺഗ്രസ് അനുവദിച്ച പൊതുപണം രാഷ്ട്രീയ പ്രചാരണത്തിനോ പ്രൊപ്പഗണ്ടയ്ക്കോ ഉപയോഗിക്കുന്നത് വിലക്കുന്ന ഫെഡറൽ നിയമത്തിന്റെ ലംഘനമാണ് ഇതെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. മറ്റ് നിയമങ്ങളും ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

കോടതിയുടെ ഇടപെടലിനെ ഹർജിക്കാർ സ്വാഗതം ചെയ്തു. ഹർജിക്കാർക്കുവേണ്ടി നിയമനടപടികൾ നടത്തുന്ന ലാഭേച്ഛയില്ലാത്ത നിയമസംഘടനയായ ഡെമോക്രസി ഫോർവേഡ് പുറത്തിറക്കിയ പ്രസ്താവനയിൽ, നികുതിദായകരുടെ കൂടുതൽ പണം നിയമവിരുദ്ധമായ രാഷ്ട്രീയ പ്രചാരണത്തിനായി വിനിയോഗിക്കുന്നത് തടയാൻ കോടതി അതിവേഗം ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.

സ്വന്തം രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നതിനുമായി സർക്കാർ സംവിധാനങ്ങളും മറ്റ് ആവശ്യങ്ങൾക്കായി കോൺഗ്രസ് അനുവദിച്ച ഫണ്ടുകളും പ്രസിഡന്റ് ഉപയോഗിക്കുന്നതിന് നിയമപരമായ ന്യായീകരണമോ മുൻകാല മാതൃകയോ ഇല്ലെന്നും ഹർജിക്കാർ ആരോപിച്ചു.

ശനിയാഴ്ച കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര സുരക്ഷാ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഹോളി മെഹ്റിംഗർ, അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും പരിപാടികളെയും അനുസ്മരിക്കുന്നതിനടക്കമുള്ള ആവശ്യങ്ങൾക്കായി കോൺഗ്രസ് അനുവദിച്ച ഫണ്ടിൽനിന്നാണ് പരസ്യങ്ങൾക്കുള്ള പണം കണ്ടെത്തിയതെന്ന് വിശദീകരിച്ചു.

അതേസമയം, മുൻ ഭരണകൂടങ്ങൾ വിവിധ സർക്കാർ നയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പുറത്തിറക്കിയ പൊതുജന സേവന പരസ്യങ്ങൾക്ക് സമാനമാണ് ഈ പരസ്യങ്ങളെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. എന്നാൽ, മുൻകാല പൊതുജന സേവന പരസ്യങ്ങളിൽനിന്ന് വ്യത്യസ്തമായി, പ്രത്യേക സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള വിവരങ്ങൾ നൽകുകയല്ല പുതിയ പരസ്യങ്ങളുടെ ലക്ഷ്യമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബർ അവസാനത്തോടെയാണ് വിവാദ പരസ്യങ്ങളുടെ സംപ്രേഷണം ആരംഭിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ മഹത്വവൽക്കരിക്കുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ ആവർത്തിക്കുന്നതുമാണ് പരസ്യങ്ങളുടെ ഉള്ളടക്കം.

ഒരു പരസ്യത്തിൽ കമ്മ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ച് ട്രംപ് സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്ന് കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉപയോഗിച്ച പരസ്യത്തിന്റെ പുനഃസംപ്രേഷണമാണ്. ചൊവ്വാഴ്ച സംപ്രേഷണം ആരംഭിച്ച അഞ്ചാമത്തെ പരസ്യം വെനസ്വേലൻ നേതാവ് നിക്കോളാസ് മഡൂറോയെ ട്രംപ് ഭരണകൂടം പിടികൂടിയതിനെ കേന്ദ്രീകരിച്ചുള്ളതാണ്.

പൊതുപണം ഉപയോഗിച്ച് ഇത്തരം രാഷ്ട്രീയ പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളും നടപടിയെ പരസ്യമായി വിമർശിച്ചു.

നികുതിദായകരുടെ പണം ഉപയോഗിച്ച് ഇത്തരം പരസ്യങ്ങൾക്ക് ചെലവഴിക്കരുതെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവും സൗത്ത് ഡക്കോട്ടയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററുമായ ജോൺ ത്യൂൺ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇതിനിടെ, പരസ്യപ്രചാരണത്തിനെതിരെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയും റിപ്പബ്ലിക്കൻ ഭരണകൂടത്തിനെതിരെ പ്രത്യേകമായി കേസ് ഫയൽ ചെയ്തിട്ടുണ്ട്.

വിമർശനങ്ങൾ ശക്തമായതോടെ പരസ്യങ്ങളുടെ ചെലവ് ഇനി മുതൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടിൽനിന്ന് വഹിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ, ഇതിനകം സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പൊതുജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ നേട്ടങ്ങൾക്കായി വിനിയോഗിക്കുന്നതിന്റെ നിയമസാധുതയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളാണ് ഈ കോടതി നടപടി ഉയർത്തുന്നത്.

 

Leave a Comment

More News