ചില സിനിമകൾ വലിയ സംഭവങ്ങളിലൂടെയോ അതിശയകരമായ കഥാസന്ദർഭങ്ങളിലൂടെയോ അല്ല പ്രേക്ഷകമനസ്സിൽ ഇടം നേടുന്നത്. മറിച്ച്, നമ്മുടെ ചുറ്റുപാടുകളിൽ നിത്യവും കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ഉള്ളിലെ സ്നേഹവും സംഘർഷവും നിസ്സഹായതയും പ്രതീക്ഷകളും ഹൃദയസ്പർശിയായി അവതരിപ്പിക്കുമ്പോഴാണ് അവ നമ്മെ ആഴത്തിൽ സ്പർശിക്കുന്നത്. അത്തരത്തിൽ ഒരു അമ്മയുടെ മനസ്സിലേക്ക്,അവരുടെ ദൈനംദിനജീവിത സാഹചര്യങ്ങളിലേയ്ക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമായി വിലയിരുത്താവുന്നതാണ് ‘ആശ’.
ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം ‘ആശ’. കുടുംബ ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കേണ്ട ഒരാളുടെ അഭാവം ഒരു കുടുംബത്തിന്റെ ജീവിതത്തെ എത്രത്തോളം മാറ്റിമറിക്കുന്നു എന്നതിന്റെ നേർചിത്രം കൂടിയാണിത്. ഭർത്താവിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതയ്ക്കൊപ്പം, താൻ സ്നേഹിച്ച ഭർത്താവ് കൂടെയുള്ളപ്പോൾ നൽകിയ അവഗണകൾ, ഉപദ്രവങ്ങൾ,മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ജീവിതത്തിന്റെ പ്രായോഗികമായ പ്രതിസന്ധികളും ഏറ്റെടുക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ മാനസികലോകമാണ് സിനിമയുടെ പ്രധാന പ്രമേയം.
ഇവിടെ മാതൃത്വം എന്നത് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാത്രം പേരല്ല. അതൊരു വലിയ ഉത്തരവാദിത്വവും, നിരന്തരമായ കരുതലുമാണ്, സ്വന്തം ആഗ്രഹങ്ങളെ പലപ്പോഴും മാറ്റിവെച്ച് മക്കളുടെ സന്തോഷത്തിനായി ജീവിക്കേണ്ടിവരുന്ന അവസ്ഥയാണ്. രണ്ടു പെൺകുട്ടികളെ വളർത്തുമ്പോൾ ഒരു അമ്മയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ എത്ര സങ്കീർണമാണെന്ന് ചിത്രം ഓർമിപ്പിക്കുന്നു. അവരുടെ സുരക്ഷ, വിദ്യാഭ്യാസം, ഭാവി, സാമൂഹികമായ അംഗീകാരം, ജീവിതത്തിൽ അവർ നേരിടാനിടയുള്ള വെല്ലുവിളികൾ, ഇതെല്ലാം അവളുടെ മനസ്സിൽ ഒരേസമയം ഇടംപിടിക്കുന്നു. പുറമേ ധൈര്യത്തോടെ നിൽക്കുന്ന ഒരമ്മയുടെ ഉള്ളിൽ എത്രയോ വേവലാതികൾ ഒളിഞ്ഞിരിക്കുന്നുണ്ടാകാം. മക്കൾക്കു മുന്നിൽ തളരാതിരിക്കാൻ ശ്രമിക്കുമ്പോഴും, ഒറ്റയ്ക്കാകുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ മറ്റാരും തിരിച്ചറിയണമെന്നില്ല. സ്വന്തം ദുഃഖങ്ങൾ തുറന്നുപറയാനാകാതെ, മക്കളുടെ മുഖത്ത് പുഞ്ചിരി നിലനിർത്താൻ ശ്രമിക്കുന്ന സ്ത്രീയുടെ ജീവിതം പല കുടുംബങ്ങളിലും നമുക്ക് സുപരിചിതമാണ്. ‘ആശ’ ഈ യാഥാർഥ്യത്തിലേക്കാണ് പ്രേക്ഷകന്റെ ശ്രദ്ധ തിരിക്കുന്നത്.
ഉർവശി എന്ന അഭിനയപ്രതിഭയുടെ മറ്റൊരു മുഖമാണ് നമുക്കിവിടെ കാണുവാൻ കഴിയുന്നത്. ആശ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഉർവശി വീണ്ടും തന്റെ അഭിനയമികവ് തെളിയിക്കുന്നു. കഥാപാത്രത്തിന്റെ ഭാവവൈവിധ്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഉർവശിക്കുള്ള അസാധാരണമായ കഴിവ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്. സ്നേഹിക്കുന്ന അമ്മ, മക്കളുടെ കാര്യത്തിൽ അമിതമായി ഉത്കണ്ഠപ്പെടുന്ന സ്ത്രീ, പെട്ടെന്ന് കോപിക്കുന്ന വ്യക്തി, ഭൂതകാലത്തിലെ മുറിവുകളാൽ വേട്ടയാടപ്പെടുന്ന മനസ്സ്, മാനസിക സമ്മർദ്ദത്താൽ ഉറക്കം വരെ നഷ്ടപ്പെടുന്ന അവസ്ഥ. പല തലങ്ങളുള്ള കഥാപാത്രത്തെ ഉർവശി അതിന്റെ സങ്കീർണതകളോടെ അവതരിപ്പിക്കുന്നു.
അമ്മയുടെ സ്നേഹം എപ്പോഴാണ് കരുതലിൽനിന്ന് അമിതമായ നിയന്ത്രണത്തിലേക്ക് വഴിമാറുന്നത്? മക്കളെ സംരക്ഷിക്കണമെന്ന ആഗ്രഹം എപ്പോഴാണ് അവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത്? സ്വന്തം ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ഒരാളുടെ ചിന്തകളെയും പ്രതികരണങ്ങളെയും എത്രത്തോളം സ്വാധീനിക്കുന്നു? ഇത്തരം ചോദ്യങ്ങളാണ് ‘ആശ’ എന്ന സിനിമ മുന്നോട്ടുവയ്ക്കുന്നത്. സ്നേഹം എന്നത് എല്ലായ്പ്പോഴും ശരിയായ തീരുമാനങ്ങളിലേക്ക് നയിക്കണമെന്നില്ലെന്നും അമിതഭയം,ഉത്ഖണ്ഡ ചിലപ്പോൾ വിവേകത്തെ മറികടക്കാമെന്നും ആശയുടെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തെ വൈകാരികമായ കുടുംബപശ്ചാത്തലം പിന്നീട് അപ്രതീക്ഷിത സംഭവങ്ങളിലൂടെ ഒരു സസ്പെൻസ് ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് മാറുന്നു. ഒരു വാഹനാപകടത്തെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ആശയുടെ ജീവിതത്തെയും മാനസികാവസ്ഥയെയും കൂടുതൽ സങ്കീർണമാക്കുന്നു. ഈ മാറ്റം സിനിമയ്ക്ക് ഉദ്വേഗം നൽകുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലെ ചില സംഭവവികാസങ്ങൾക്കും തിരക്കഥയുടെ യുക്തിക്കും കൂടുതൽ വ്യക്തതയും സ്വാഭാവികതയും ആവശ്യമായിരുന്നുവെന്ന് തോന്നാം. എങ്കിലും, ഒരു സ്ത്രീയുടെ മാനസികലോകത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി കഥ പറയാനുള്ള ശ്രമം ശ്രദ്ധേയമാണ്. ജോജു ജോർജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും സാന്നിധ്യം കഥയുടെ സംഘർഷങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. സഫർ സനലിന്റെ സംവിധാനത്തിൽ കുടുംബബന്ധങ്ങളും മാനസികസംഘർഷങ്ങളും സസ്പെൻസുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമം പ്രകടമാണ്.
‘ആശ’ സ്നേഹവും ഭയവും ഉത്തരവാദിത്വവും ഒറ്റപ്പെടലും ചേർന്ന് ഒരു മനുഷ്യന്റെ മനസ്സിൽ സൃഷ്ടിക്കുന്ന സങ്കീർണതകളുടെ നേരെഴുത്താണ് . മക്കൾക്കുവേണ്ടി ജീവിക്കുന്ന അമ്മയെ നാം പലപ്പോഴും കാണാറുണ്ട്. എന്നാൽ ആ അമ്മയുടെ ഉള്ളിൽ നടക്കുന്ന പോരാട്ടങ്ങളെ, അവർ അനുഭവിയ്ക്കുന്ന മാനസ്സീക സംഘർഷങ്ങളെ, എത്രത്തോളം മനസ്സിലാക്കാൻ നമുക്കു കഴിയുന്നുണ്ട്? മാതൃത്വത്തെ വെറും ത്യാഗത്തിന്റെ മഹത്വവൽക്കരണമായി കാണാതെ, അതിന്റെ വൈകാരികമായ സങ്കീർണതകളിലേക്കും അമിതമായ കരുതലിന്റെ മറുവശങ്ങളിലേക്കും വെളിച്ചം വീശുന്നു എന്നതാണ് ചിത്രത്തിന്റെ പ്രസക്തി. അതോടൊപ്പം, പരിഹരിക്കപ്പെടാത്ത മാനസിക മുറിവുകൾ ഒരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ചിന്തിക്കാനും ചിത്രം പ്രേരിപ്പിക്കുന്നു.
