സ്ത്രീകളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മുൻഗണന; സമഗ്ര വനിതാ നയം അടുത്ത വനിതാ ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക സുരക്ഷ, തൊഴിൽപരമായ അവകാശങ്ങൾ, മാനസികാരോഗ്യം, ക്ഷേമം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന സമഗ്ര വനിതാ നയം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് തയ്യാറാക്കുന്ന പുതിയ നയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും സംരക്ഷിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കുകയാണ് പുതിയ വനിതാ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും തൊഴിലുടമകളും സ്ഥാപനങ്ങളും സമൂഹവും ഒരുപോലെ അതിൽ പങ്കാളികളാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2013ലെ തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ നിർബന്ധമായും രൂപീകരിക്കണം. എന്നാൽ പല സ്ഥാപനങ്ങളിലും ഇത്തരം സമിതികൾ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നതെന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾക്കും അപമാനങ്ങൾക്കുമെതിരെ പരാതി നൽകാൻ പല സ്ത്രീകളും ഇപ്പോഴും മടിക്കുന്ന സാഹചര്യമുണ്ട്. പരാതി നൽകിയാൽ ജോലി നഷ്ടപ്പെടുമോ, സഹപ്രവർത്തകരുടെയും മേലധികാരികളുടെയും ഭാഗത്തുനിന്ന് പ്രതികാര നടപടികൾ നേരിടേണ്ടിവരുമോ, സമൂഹത്തിൽ അപമാനിക്കപ്പെടുമോ തുടങ്ങിയ ആശങ്കകളാണ് ഇതിന് പ്രധാന കാരണം. ഇത്തരം സാഹചര്യങ്ങൾ മാറേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളും മാനസിക പീഡനങ്ങളും സ്ത്രീകളുടെ തൊഴിൽജീവിതത്തെ മാത്രമല്ല, അവരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. അതിനാൽ പരാതികൾ ഭയമില്ലാതെ അറിയിക്കാനും നീതിപൂർവമായ പരിഹാരം ലഭിക്കാനും കഴിയുന്ന സംവിധാനം എല്ലാ സ്ഥാപനങ്ങളിലും ഉറപ്പാക്കേണ്ടതുണ്ട്.

ആഭ്യന്തര പരാതി പരിഹാര സമിതികൾ നിയമാനുസൃതമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വകുപ്പുതലത്തിൽ നിരീക്ഷണം ശക്തമാക്കും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്ത്രീകളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മാനസികാരോഗ്യ സംരക്ഷണത്തിനും സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ സുരക്ഷയ്ക്കായി നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെങ്കിൽ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും അവയെക്കുറിച്ച് ബോധവാന്മാരാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി അഭിപ്രായപ്പെട്ടു.

നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും സാമൂഹിക മനോഭാവങ്ങളുമാണ് പലപ്പോഴും സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിന് തടസ്സമാകുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

തൈക്കാട് വാർഡ് കൗൺസലർ ജി. വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസലർ മേരി പുഷ്പം, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി., വനിതാ കമ്മിഷൻ പി.ആർ.ഒ. ദിവ്യ ടി.എസ്. എന്നിവർക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പോഷ് നിയമത്തിന്റെ വ്യവസ്ഥകൾ, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ, പരാതി പരിഹാര നടപടികൾ എന്നിവയെക്കുറിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി. ക്ലാസെടുത്തു.

സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഭിഭാഷകനും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ ക്ലാസ് നയിച്ചു. തൊഴിലിടങ്ങളിലെ സമ്മർദങ്ങളും അതിക്രമങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതും മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും സെമിനാറിലെ പ്രധാന ചർച്ചാവിഷയങ്ങളായി.

സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, തൊഴിൽ അവകാശങ്ങൾ, മാനസികാരോഗ്യം എന്നിവയെ ഒരുപോലെ പരിഗണിക്കുന്ന പുതിയ വനിതാ നയം സംസ്ഥാനത്തെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News