സിൻസിനാറ്റി (ഒഹായോ): മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റൽ പരിവർത്തനം, സമൂഹ ശാക്തീകരണം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (ഐ.എ.പി.സി) സംഘടിപ്പിച്ച 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സിൻസിനാറ്റി മാരിയറ്റ് ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവർത്തകരും എഴുത്തുകാരും പൗരപ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ‘ദി എ.ഐ വിപ്ലവം: “കഥപറച്ചിലുകാരെ ശാക്തീകരിക്കലും ന്യൂസ്റൂമുകളുടെ മാറ്റവും”എന്ന വിഷയത്തിൽ മീഡിയ കോൺക്ലേവ് നടന്നു. ടെലിവിഷൻ പ്രൊഡ്യൂസർ മീര ശങ്കർ മോഡറേറ്ററായ ചർച്ചയിൽ റോയ് രത്നവേൽ, വിനോദ് തരകൻ, ഡോ. സതീഷ് കതുല, അജയ് ഘോഷ്, പർവീൺ ചോപ്ര, മുത്തു മുതലിയാർ എന്നിവർ ഓട്ടോമേറ്റഡ് ജേണലിസത്തെയും മാധ്യമ ധാർമ്മികതയെയും കുറിച്ച് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ആസാദ് ജയൻ മോഡറേറ്ററായി നടന്ന മലയാളം പോളിസി കോൺക്ലേവിൽ ജനാധിപത്യവും പ്രവാസി സമൂഹങ്ങളിൽ പ്രാദേശിക ഭാഷാ മാധ്യമങ്ങൾ വഹിക്കുന്ന നിർണായക പങ്കും ചർച്ചയായി.
വൈകുന്നേരം നടന്ന ഗ്രാൻഡ് ഗാല അവാർഡ് നൈറ്റോടെയാണ് സമ്മേളനത്തിന് തിരശ്ശീല വീണത്. മീന ചിറ്റിലപ്പിള്ളി, മില്ലി ഫിലിപ്പ്, മീര ശങ്കർ എന്നിവർ അവതാരകരായി. സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ്, ചെയർമാൻ ഡോ. സതീഷ് കതുല, പ്രസിഡന്റ് മീന ചിറ്റിലപ്പിള്ളി എന്നിവരുടെ ആമുഖ പ്രസംഗങ്ങൾക്കൊടുവിൽ വിശിഷ്ടാതിഥിയായ യു.എസ് കോൺഗ്രസംഗം ഗ്രെഗ് ലാൻഡ്സ്മാൻ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. ചീഫ് എഡിറ്റർ ഡോ. മാത്യു ജോയ്സും സംഘവും ചേർന്ന് തയ്യാറാക്കിയ ഐ.എ.പി.സി 2026 സ്മരണിക (സുവനീർ) ഗ്രെഗ് ലാൻഡ്സ്മാൻ പ്രകാശനം ചെയ്തു. പ്രമുഖ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് മാത്യു സാമുവൽ ആദ്യ പ്രതി ഏറ്റുവാങ്ങി.
മുഖ്യാതിഥിയായി പങ്കെടുത്ത സിൻസിനാറ്റി മേയർ അഫ്താബ് പുരേവാൾ പൗരബോധവും സാംസ്കാരിക സംവാദങ്ങളും വളർത്തുന്നതിൽ ഐ.എ.പി.സി വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു :
ഗാല നൈറ്റിൽ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ‘ഐ ഫൗണ്ടേഷൻ ഓഫ് അമേരിക്ക’യിലൂടെ കുട്ടികളിലെ അന്ധത തുടച്ചുനീക്കാൻ പ്രവർത്തിക്കുന്ന പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റ് ഡോ. വി.കെ. രാജു, രോഗീക്ഷേമ പ്രവർത്തനങ്ങൾക്ക് ഡോ. മെഹർ മേദവാരം, കോർപ്പറേറ്റ് നേതൃമികവിന് എഴുത്തുകാരനും എക്സിക്യൂട്ടീവുമായ റോയ് രത്നവേൽ, പൗരാവകാശ പോരാട്ടങ്ങൾക്ക് ഡോ. സുഭാഷ് റസ്ദാൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മറ്റു പ്രധാന പുരസ്കാര ജേതാക്കൾ:
- മോസ്റ്റ് ഇംപാക്ട്ഫുൾ ബുക്ക് അവാർഡ്: ഡോ. മുബിൻ സയ്യിദ്
- കർമ്മശ്രേഷ്ഠ അവാർഡ് (ബിസിനസ് മികവ്): സാജൻ വർഗീസ്
- കമ്മ്യൂണിറ്റി സർവീസ് അവാർഡ്: ഡോ. സുനിത പോളെപ്പള്ളി, ജയ് ബേദി
- എക്സലൻസ് ഇൻ ലീഡർഷിപ്പ് അവാർഡ്: ഡോ. സുജീത് റെഡ്ഡി പുന്നം (കാർഡിയോളജിസ്റ്റ്)
ഡോ. സാം ചാക്കോ, ഡോ. കല ഷാഹി, ജെയിംസ് ചാക്കോ, സാം ടി. സാമുവൽ, അഭിനേതാക്കളായ ഡോ. നിഹാരിക റൈസാദ, മീര നായർ എന്നിവർ ആശംസകൾ നേർന്നു. മാത്യു സാമുവൽ, ഷാൻ ജസ്റ്റസ്, സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ എന്നിവർക്ക് പ്രത്യേക ആദര ഫലകങ്ങൾ സമ്മാനിച്ചു. തുടർന്ന് നടന്ന വിരുന്നോടെ സമ്മേളനം സമാപിച്ചു.

