കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദിബ്ബ (ഫുജൈറ): കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് സമ്മേളനം ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ നടന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുക്കുകയും ചെയ്ത സമ്മേളനം യൂണിറ്റ് പ്രസിഡന്റ് സുനിൽ ദത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെക്രട്ടറി വി.പി. സുജിത്ത്, വൈസ് പ്രസിഡന്റ് റാഷിദ് കല്ലുംപുറം, സെൻട്രൽ കമ്മിറ്റി അംഗം ഷജറത്ത് ഹർഷൽ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആശംസകൾ നേർന്നു.

സമ്മേളനത്തിൽ രാഗി സുനിൽ ദത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എൽ. അഷ്റഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷജറത്ത് ഹർഷൽ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി അംഗം അഷ്റഫ് പിലാക്കൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും സംബന്ധിച്ച ചർച്ചകൾ നടന്നു. അബ്ദുള്ള, ശശികുമാർ അകാമിയ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ സുനിൽ ദത്തിനെ പ്രസിഡന്റായും കെ.എൽ. അഷ്റഫിനെ സെക്രട്ടറിയായും ഷജറത്ത് ഹർഷലിനെ ട്രഷററായും തെരഞ്ഞെടുത്തു. സുബൈർ വൈസ് പ്രസിഡന്റായും ശ്രീജിത്ത് ജോയിന്റ് സെക്രട്ടറിയായും സാബു ജോയിന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

രാഗിയെ കൾച്ചറൽ കൺവീനറായി ഉൾപ്പെടുത്തി 30 അംഗ യൂണിറ്റ് കമ്മിറ്റിക്കും സമ്മേളനം രൂപം നൽകി. ഇതോടൊപ്പം വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താഹിറയെ കൺവീനറാക്കി പുതിയ യൂണിറ്റ് വനിതാ വിഭാഗം കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പുതിയ നേതൃത്വത്തിന്റെ കീഴിൽ സംഘടനയുടെ സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും പ്രവാസി മലയാളികൾക്കിടയിലെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സമ്മേളനം പ്രാധാന്യം നൽകി.

Leave a Comment

More News