ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ

ന്യൂഡൽഹി:  റഷ്യയുടെ ആക്രമണത്തിൽ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കും ഇന്ത്യൻ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേക വിമാനങ്ങൾ അയച്ച് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ കാര്യമായ വിജയം കൈവരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന 15,000ത്തോളം ഇന്ത്യക്കാർ വലിയ ബുദ്ധിമുട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിലെ സൈനികർ വിവിധ സ്ഥലങ്ങളിൽ വച്ച് അവരെ ആക്രമിക്കുന്നു. കനത്ത തണുപ്പിന് നടുവിലും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ പൗരന്മാരെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

അതേസമയം, പ്രതിസന്ധിയിലായ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും, സമീപ സ്ഥലങ്ങളിൽ തുടരാനും ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. നേരിട്ട് അതിർത്തിയിൽ എത്തരുതെന്നും പറഞ്ഞിട്ടുണ്ട്. അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമാനിയ, മോൾഡോവ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തി കടക്കാൻ വിദ്യാർഥികൾ അധികാരികളുമായി ഏകോപിപ്പിച്ച ശേഷമേ പോകാവൂ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 1,396 വിദ്യാർത്ഥികളെ ആറ് വിമാനങ്ങളിലായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മൂന്ന് വിമാനങ്ങൾ കൂടി അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, അതിൽ രണ്ട് വിമാനങ്ങൾ ബുക്കാറെസ്റ്റിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും ഒന്ന് ബുഡാപെസ്റ്റിൽ നിന്ന് ഡൽഹിയിലേക്കും ആയിരിക്കും. വിമാനങ്ങളുടെ ലഭ്യതയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് വിദേശകാര്യ മന്ത്രാലയം വിദ്യാർത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ആവശ്യപ്പെട്ടു,” ബാഗ്ചി പറഞ്ഞു. വിമാനങ്ങൾ പരിമിതമല്ല, ദയവായി വിഷമിക്കേണ്ട. നിങ്ങൾ ഉക്രെയ്ന്‍ അതിർത്തി കടന്നാൽ, ഞങ്ങൾ കൂടുതൽ വിമാനങ്ങൾ ഉറപ്പാക്കും. ഇന്ത്യക്കാർക്ക് ഉക്രെയ്നുമായുള്ള അതിർത്തി സുരക്ഷിതമായി കടക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ കർഫ്യൂ ഇല്ലെന്നും ആളുകൾക്ക് അവിടെ നിന്ന് മാറാൻ അനുവാദമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യക്കാർ കീവ് റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്നും അവിടെ നിന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാൻ ട്രെയിനിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ സർക്കാർ കീവിൽ നിന്ന് സൗജന്യ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. നേരത്തെ തലസ്ഥാനമായ കീവിൽ വാരാന്ത്യ കർഫ്യൂ ഉണ്ടായിരുന്നു, അത് തിങ്കളാഴ്ച പിൻവലിച്ചു.

Print Friendly, PDF & Email

Leave a Comment

More News