ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തും: വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. യുക്രൈനില്‍നിന്ന് സമീപരാജ്യങ്ങളിലേക്കെത്തി ചേര്‍ന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള മാധ്യമങ്ങളോടു പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളങ്ങളെ കൂടാതെ പോളണ്ടിലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും പ്രയോജനപ്പെടുത്തുമെന്നും
അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ അതായത് അറുപതു ശതമാനം പേര്‍ മടങ്ങിയെത്തിയെന്നും ശൃംഗ്ള കൂട്ടിച്ചേര്‍ത്തു..

ബാക്കിയുള്ള നാല്‍പ്പതു ശതമാനം പേരില്‍, പകുതിയാളുകള്‍ ഖര്‍ക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ചേരുകയോ അല്ലെങ്കില്‍ അവിടേക്കുള്ള യാത്രയിലോ ആണ്. പൊതുവില്‍ അവര്‍ സംഘര്‍ഷമേഖലയ്ക്കു പുറത്താണുള്ളത്- അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News