ചരക്ക് ഗതാഗതത്തില്‍ പുതിയ ലോജിസ്റ്റിക് നിയമം കൊണ്ടുവരുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: പുതിയ പ്രഖ്യാപനവുമായി റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എല്ലാ ചരക്ക് ഗതാഗതത്തിനും ഒരൊറ്റ ലോജിസ്റ്റിക് നിയമം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. എല്ലാ ഗതാഗത മാർഗ്ഗങ്ങളിലും നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും എളുപ്പമാക്കുന്നതിനുമായി ഒരു ലോജിസ്റ്റിക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് ഗഡ്കരി പറഞ്ഞു. അങ്ങനെ ചെയ്യുന്നതിലൂടെ നടപടിക്രമങ്ങളുടെ ആവര്‍ത്തനം തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎസിഎഎഐയുടെ 12-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവേയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

എല്ലാ ലോജിസ്റ്റിക് ചാനലുകൾക്കുമുള്ള ഒരു നിയമം യഥാർത്ഥത്തിൽ മൾട്ടി ലെവൽ ഗതാഗതം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് ലോജിസ്റ്റിക് ചെലവ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 14 ശതമാനമാണ്. എന്നാൽ, ഇത് 8 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ആഭ്യന്തര വ്യോമയാന വിപണിയിൽ എയർ കാർഗോയുടെ പങ്ക് വളരെ കുറവാണെന്ന് മന്ത്രി പറഞ്ഞു. “എയർ കാർഗോയുടെ ഏറ്റവും വലിയ നേട്ടം സമയമാണ്. അതിന്റെ വിപുലീകരണത്തിന് നമ്മള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കണം. നമുക്ക് കൂടുതൽ വോളിയം നീക്കാൻ കഴിയുമെങ്കിൽ, എയർ കാർഗോയുടെ വിലയും ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.

അതേസമയം, 2024-ന് മുമ്പ് രാജ്യത്ത് 26 ഹരിത എക്‌സ്പ്രസ് വേകൾ സജ്ജമാകുമെന്നും റോഡുകളുടെ കാര്യത്തിൽ ഇന്ത്യ അമേരിക്കയ്‌ക്കൊപ്പം എത്തുമെന്നും അടുത്തിടെ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ടോൾ ടാക്‌സ് പിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും ഊന്നൽ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News