ഇന്നത്തെ ചിന്താവിഷയം

ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു പരിധി വരെ ഒക്കെ ആവശ്യമാണ്. പക്ഷേ ഇതിന്റെയൊക്കെ ഇടയിൽ ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി, ജീവൻ നില നിർത്താനുള്ള മരുന്ന് വാങ്ങാൻ വേണ്ടി, സ്വന്തം മക്കളെ അത്യാവശ്യം വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി, വിവാഹ പ്രായം കഴിഞ്ഞിട്ടും പെൺ മക്കളെ വിവാഹം നടത്താൻ വകയില്ലാതെ, അന്തിയുറങ്ങാൻ ഒരു സ്വന്തം കൂര പോലുമില്ലാതെ അനേകായിരങ്ങൾ ഇന്നും നട്ടം തിരിയുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോവിഡ് കൂടി വന്നതോടെ ലോകമെമ്പാടും, പ്രേത്യേകിച്ചു നമ്മുടെ നാട്ടിൽ പാവപ്പെട്ടവരും, സാധാരണക്കാരും അനുഭവിക്കുന്ന ദുരിതം ആർക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്.

ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം മനുഷ്യൻ ഒന്നിലും സംതൃപ്തി കണ്ടെത്തുന്നില്ല എന്നതാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും മറ്റുള്ളവന്റെ കൂടി പിടിച്ചടക്കണമെന്ന ചിന്തയാണ് മനുഷ്യനെ എല്ലാ തിന്മയും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഏറ്റവും വലിയ ഉദാഹരണമാണെല്ലോ റഷ്യ ഉക്രൈനെ കടന്നാക്രമിച്ചത്. സ്വന്തം ശക്തികൊണ്ടും ബലം കൊണ്ടും മറ്റുള്ളവരെ കീഴ്പെടുത്തുക, ഇത് മൂലം പാവപ്പെട്ട നിഷ്കളങ്കരായ ഒരു കൂട്ടം ജനത അനുഭവിക്കുന്ന കഷ്ടങ്ങൾ, അവരുടെ വേദനകൾ, ഏതൊരു മനുഷ്യന്റെയും കരളയിക്കുന്നതാണ്. യുക്രൈനിൽ നിന്ന് നമ്മുടെ ഇന്ത്യക്കാരായ കുട്ടികൾ അവരുടെ സ്വന്തം ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കാൻ വേണ്ടി പരക്കം പായുന്നത് കാണുമ്പോള്‍ ഒരുപാടു ദുഃഖം തോന്നുന്നു സ്വന്തം രാജ്യത്തിൻറെ വലുപ്പം കൂട്ടാനും, സമ്പത്തു വർധിപ്പിക്കാനും, പാവങ്ങളുടെ മേൽ കടന്നാക്രമണം നടത്തുന്ന കിരാതന്മാരയ ചില രാജ്യങ്ങളുടെ ഭരണകർത്താക്കൾ ഇന്ന് ലോകത്തിനു തന്നെ ഭീഷണിയാണ്.

ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ മനുഷ്യന് സാധിക്കുന്നില്ല , ലോകത്തിൽ മനുഷ്യർക്കെല്ലാം ഒരുതരം ഭ്രാന്ത് പിടിച്ചിരിക്കുകയാണ് , ഈ ഭ്രാന്ത് ഇന്ന് സമൂഹത്തിലെ എല്ലാ തലങ്ങളിലും കടന്നു കൂടിയിരിക്കുകയാണ് , രാഷ്ട്രീയ ഭ്രാന്തൻ മാർ നല്ലൊരു കൂട്ടം , മത ഭ്രാന്തൻ മാർ അതിലും കൂടുതൽ , രാഷ്ട്രീയത്തിന്റെ പേരിൽ ഏതാനും വർഷങ്ങൾക്കിടയിൽ നമ്മുടെ നാട്ടിൽ എത്രയോ ജീവൻ ആണ് നഷ്ടപെട്ടത്. നമ്മുടെ ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണ് ഇവിടെ രാഷ്ട്രീയം അനിവാര്യമാണ്. പക്ഷേ അത് ഭ്രാന്തായി മാറി നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തരുത്. ഏതു രാഷ്ട്രീയ പാർട്ടിയിലുള്ളവരായാലും അവരെല്ലാം നമ്മുടെ സ്വന്തം സഹോദരങ്ങൾ ആണെന്നുള്ള ബോധം നമുക്കുണ്ടാകണം. എല്ലാവരുടെയും ജീവന്റെ വില തുല്യമാണ്. അത് നമുക്ക് നഷ്ട്ടപെടുത്താനുള്ളതല്ല. ജനസേവനം എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു കൂട്ടം സർപ്പ സന്തതികൾ ഇന്ന് നമ്മുടെ കേരളത്തിൽ വിളയാട്ടം നടത്തുകയാണ്. ഇവർക്കൊക്കെ കോടിക്കണക്കിനു വിദേശ രാജ്യങ്ങളിൽ നിക്ഷേപം ഉള്ളവരാണ്. അതുപോലെ തന്നെ നമ്മുടെ മറ്റു അയൽ സംസ്ഥാനങ്ങളിലും ഇവരൊക്കെ നല്ലവണ്ണം സ്വരൂപിച്ചിട്ടുണ്ട്. ഇവിടെ ഏതെങ്കിലും ഒരു
പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പറ്റിയില്ല പറയുന്നത്. ജനങ്ങളുടെ സംരക്ഷണത്തിനും നന്മ്ക്കും ഉയർച്ചക്കും നമ്മുടെ രാജ്യത്തിൻറെ വികസനത്തിനും വേണ്ടി നിലകൊള്ളുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിക്കും നമ്മൾ പച്ചകൊടി കാട്ടണം. അല്ലാതെ വെറും തട്ടിപ്പുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വരുന്ന കാപാലികൻമാരെ നാം തിരിച്ചറിയേണ്ട സമയം പണ്ടേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് നാം തിരിച്ചറിയണം. നമ്മുടെ കേരളം സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ്. പക്ഷേ നാമൊക്കെ എന്ത് സാക്ഷരതയാണ് നേടിയെതെന്നു നല്ലവണ്ണം ചിന്തിച്ചു നോക്കണം.

ഇനി വേറൊരു കൂട്ടം ഭ്രാന്തന്മാരുണ്ട്, അത് വേറാരുമല്ല, മത ഭ്രാന്തൻമാരാണവർ. ഇവർ ഇതിലും വേന്ദ്രന്മാരാണ്. ദൈവത്തിന്റെ പേരും പറഞ്ഞു തട്ടിപ്പും വെട്ടിപ്പും കൊലയും കൊള്ളിവെപ്പും നടത്തുന്ന, സാത്താന്റെ സന്തതികൾ. ഇത് എല്ലാ മതത്തിലും ഇപ്പോൾ നല്ലവണ്ണം ഉണ്ട്. സത്യത്തിൽ ഇവരൊക്കെ കൂടിയാണ് നമ്മുടെ നാട് കലുഷിതമാക്കുന്നത്. ഇത് നമ്മുടെ പുതിയ തലമുറ തിരിച്ചറിഞ്ഞില്ലെങ്കിൽ താമസിയാതെ നമ്മുടെ രാജ്യം എല്ലാ വിധത്തിലും ഇല്ലാതാകും. നമ്മൾ ഇതിനെതിരെ ശക്തമായി ഉണർന്നില്ലെങ്കിൽ വരുംതലമുറയ്ക്ക് സ്വൈര്യമായി ജീവിക്കാൻ പറ്റാത്ത നാളുകൾ ആയിരിക്കും വരുന്നത്. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവിവേകാനന്ദൻ പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവചിച്ചത് എത്രയോ ശരിയാണെന്നു തോന്നിപോകുകയാണ്.

ലോക സമാധാനത്തിനായും, നമ്മുടെ നാടിന്റെയും ജനങ്ങളുടെയും നന്മക്കായും, സമാധാനത്തിനായും നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”

കുര്യാക്കോസ് മാത്യു
ആല്‍ബനി, ന്യൂയോര്‍ക്ക്

Print Friendly, PDF & Email

Leave a Comment

More News