പരിശ്രമങ്ങളെല്ലാം പാഴായി; അമ്മപ്പുലിയില്‍ നിന്ന് വേര്‍പെട്ട പുലിക്കുഞ്ഞ് ചത്തു

വടക്കാഞ്ചേരി: അമ്മപ്പുലിയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം വിഫലം. അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്കുട്ടി ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ന് ചത്തു. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ 52 ദിവസംമുമ്പാണ് ക്ലിനിക്കിലെത്തിച്ചത്. മലബന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ പാല്‍ ഉള്‍പ്പടെ ഒന്നും കഴിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കും.

ജനുവരി പത്തിനാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പ്രസവിച്ച് നാലുദിവസമെങ്കിലുമായിട്ടുണ്ടെന്നാണ് അന്ന് വാളയാര്‍ റേഞ്ചിലെ വനപാലകര്‍ നല്‍കിയ സൂചന. ഒരു പുലിക്കുട്ടിയെ പിന്നീട് അമ്മപ്പുലിതന്നെ കൊണ്ടുപോയി. അവശേഷിച്ചതിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ജനുവരി പതിമൂന്നിനാണ് അകമലയില്‍ എത്തിച്ചത്.
അപ്പോള്‍ കണ്ണുതുറന്നിരുന്നില്ല. കൊണ്ടുവരുമ്പോള്‍ 500 ഗ്രാം ഉണ്ടായിരുന്ന പുലിക്കുട്ടിക്ക് ക്രമേണ ഒരു കിലോഗ്രാം വരെ തൂക്കംവെച്ചിരുന്നു..

Leave a Comment

More News