വെണ്‍മണിയില്‍ ദമ്പതികളെ കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്: ബംഗ്ലാദേശ് സ്വദേശിയായ ഒന്നാം പ്രതിക്ക് വധശിക്ഷ


മാവേലിക്കര: വെണ്‍മണിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന് (39)വധശിക്ഷയും രണ്ടാം പ്രതി ജുവല്‍ ഹസന് (24)ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു. വെണ്‍മണി കൊടുകുളഞ്ഞി കരോട് ആഞ്ഞലിമൂട്ടില്‍ എ.പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബര്‍ 11നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്.

കൊലപാതകം, കുറ്റകൃത്യം ചെയ്യാന്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍ രണ്ടു പേരും കുറ്റകൃത്യത്തില്‍ തുല്യ പങ്കാളികളാണെന്നും കണ്ടെത്തിയിരുന്നു.

കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു അറസ്റ്റു ചെയ്യുകയായിരുന്നു. ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. നവംബര്‍ 7നും 10നും ദമ്പതികളുടെ വീട്ടില്‍ പണിക്കെത്തിയ ഇവര്‍ വീട്ടില്‍ സ്വര്‍ണമുണ്ടെന്ന് മനസ്സിലാക്കി മോഷണത്തിന് പദ്ധതിയിടുകയായിരുന്നു.

Leave a Comment

More News