സൂമിയിലും ഇന്‍പിനിലും ഒഴിപ്പിക്കല്‍; സൂമിയില്‍ നിന്ന് 694 വിദ്യാര്‍ഥികളെ 35 ബസുകളില്‍ പോള്‍ട്ടോവയിലെത്തിക്കും

കീവ്: യുക്രൈനില്‍ റഷ്യ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കിഴക്കന്‍ യുക്രൈനിലെ സൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. സൂമിയില്‍ നിന്നും ഇര്‍പിന്നുമാണ് ഒഴിപ്പിക്കല്‍. സൂമിയില്‍ നിന്ന് 35 ബസുകളിലാണ് വിദേശികളെയും സ്വദേശികളെയും പോള്‍ട്ടോവയിലേക്ക് എത്തിക്കുന്നത്.

694 വിദ്യാര്‍ഥികളെ സൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു. മികോളീവ് തുറമുഖത്ത് കുടുങ്ങിയ 75 ഇന്ത്യന്‍ നാവികരുടെ ഒഴിപ്പിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇന്നലെ 57 നാവികരെ ഒഴിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് ലെബനീസ്, മൂന്ന് സിറിയന്‍ ജീവനക്കാരുമുണ്ടായിരുന്നു. 23 പേരെ കൂടി ഇനി ഒഴിപ്പിക്കാനുണ്ട്. ഇന്നത്തോടെ ദൗത്യ അവസാനിപ്പിക്കാന്‍ കഴിയുമെന്നും കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്ന ഇന്ത്യക്കാരെ വിമാനമാര്‍ഗം നാളെയും മറ്റന്നാളുമായി ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും.

പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. കീവ് ചെര്‍ണിഹീവ്, സുമി, കര്‍കീവ്, മരിയുപോള്‍ എന്നീ അഞ്ച് നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

സൂമിയിലെ രക്ഷാപ്രവര്‍ത്തനം കഴിയുന്നതോടെ ദൗത്യം ഏറെക്കുറെ പൂര്‍ത്തിയാകും. 21,000 ഇന്ത്യക്കാരായിരുന്നു ഉക്രെയിനിലുണ്ടായിരുന്നത്. ഇവരില്‍ 4000 പേര്‍ നേരത്തെ രാജ്യം വിട്ടിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാലും ദൗത്യം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

റഷ്യ രണ്ടാം തവണ താത്്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ റഷ്യ തന്നെ ലംഘിച്ചതോടെ ബസില്‍ കയറിയ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളിലേക്ക് തന്നെ മാറ്റുകയായിരുന്നു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇന്ന് വീണ്ടും രക്ഷാദൗത്യം ആരംഭിച്ചത്. ഇന്ന് പതിനൊന്ന് മണിക്കൂറാണ് റഷ്യ സമയം അനുവദിച്ചിരിക്കുന്നത്. മനുഷ്യത്വ ഇടനാഴിയിലൂടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ റഷ്യ അനുവദിക്കുകയായിരുന്നു.

സുമിയില്‍ നിന്ന് ആദ്യ വാഹന വ്യൂഹം പുറപ്പെട്ടതായി സൂമി ഗവര്‍ണര്‍ അറിയിച്ചു. വിദേശികളും വിദ്യാര്‍ഥികളും നാട്ടുകാരും ബസുകളിലുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. യുക്രൈനിലെ സുരക്ഷിത പാത തുറന്നതായി യുക്രൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Print Friendly, PDF & Email

Leave a Comment

More News