സില്‍വര്‍ ലൈന്‍: ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിനല്‍കി മുഖ്യന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തര പ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ അത് ഇത്രമാത്രം ഗുണംചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഇപ്പോള്‍ പ്രതിപക്ഷ നിര തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദവും ഊര്‍ജ്ജ പുനരുല്‍പാദന സാധ്യതയുള്ളതുമാണ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം മറ്റു സംസ്ഥാനങ്ങളുടെ കടവുമായി താരതമ്യം ചെയ്താണ് പിണറായി മറുപടി നല്‍കിയത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന ആരോപണത്തെ കോണ്‍ഗ്രസ് ഭരിച്ച കാലത്തെ സാമ്പത്തിക നിലയുമായി താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നേരിട്ടു.

കെ റെയില്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് വായ്പയെടുക്കുക എന്നത് സ്വാഭാവിക രീതിയാണ്. നാല്‍പത് വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കേണ്ട വായ്പയാണ് കെ റെയിലിനായി എടുക്കുന്നത്. വരുന്ന നാല്‍പതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വലിയ സാമ്പത്തിക വളര്‍ച്ചയാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ വായ്പയെടുക്കുന്നതില്‍ തകരാറില്ല. സംസ്ഥാനത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി പദ്ധതി നടപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ പശ്ചിമഘട്ടം തകര്‍ക്കുമെന്ന് പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. നിര്‍മാണ സാമഗ്രികള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കണ്ടെത്താവുന്നതേയുള്ളൂ. വനമേഖലയുമായി ബന്ധപ്പെട്ട പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി കെ റെയില്‍ കടന്നുപോകുന്നില്ല. പദ്ധതി കടന്നുപോകുന്ന ഒരു സ്ഥലത്തും പ്രോട്ടക്ടഡ് ഏരിയയോ നാഷണല്‍ പാര്‍ക്കുകളോ ഇല്ല. മാടായിപ്പാറയില്‍ തുരങ്കങ്ങളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിലവിലുള്ള റെയില്‍വേലൈനിന് സമാന്തരമായാണ് പോകുന്നത്. നെല്‍വയലുകളിലും കോള്‍നിലങ്ങളിലും മേല്‍പാലങ്ങളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. ഏറ്റവും കുറവ് പാരിസ്ഥിതകാഘാതം ഉണ്ടാക്കുന്ന, പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്, മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി മുറിക്കും എന്ന വാദത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചില കാര്യങ്ങളില്‍ ഡിപിആറിനെ ആശ്രയിച്ചുകൊണ്ടും മറ്റുചില വിഷയങ്ങളില്‍ ഡിപിആറിനെ തള്ളിക്കൊണ്ടുമായിരുന്നു മറുപടിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സ്പീക്കര്‍ അടിയന്തര പ്രമേയം തള്ളിയതി
നെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

 

Leave a Comment

More News