സില്‍വര്‍ ലൈനില്‍ ചര്‍ച്ച തുടരുന്നു; പദ്ധതിയുടെ പേരില്‍ പോലീസിന്റെ ഗുണ്ടായിസമെന്ന് പ്രതിപക്ഷം; തൂണുപറിച്ചാല്‍ തല്ലുകിട്ടുമെന്ന് ഭരണപക്ഷം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ രൂക്ഷാമായ വാദപ്രതിവാദം തുടരുന്നു. പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. കല്ലിടാന്‍ വരുന്ന പോലീസ്, കുട്ടികളുടെ മുന്നില്‍വെച്ച് അവരുടെ രക്ഷകര്‍ത്താക്കളെ മര്‍ദിക്കുകയാണ്. ആ കുഞ്ഞുങ്ങളുടെ മുന്നില്‍വെച്ച് അച്ഛനെയും അമ്മയെയും വലിച്ചിഴച്ചു കൊണ്ടുപോവുകയാണ്. സാമൂഹിക അതിക്രമം നടത്തിയാണ് കെ റെയിലിന്റെ സാമൂഹികാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ വീട്ടിലേക്ക് പോലീസ് കയറിവന്ന് അടുക്കളയില്‍ മഞ്ഞക്കല്ല് കുഴിച്ചിടുകയാണ്. ഏതെങ്കിലും മാനദണ്ഡം പാലിച്ചാണോ ഇത് നടക്കുന്നതെന്നും വിഷ്ണുനാഥ് ആരാഞ്ഞു.

കേരളം മറ്റൊരു നന്ദിഗ്രാമായി മാറുമെന്നും ആയിരക്കണക്കിന് പേരെ വഴിയാധാരമാക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമരങ്ങളോട് എന്നു മുതലാണ് നിങ്ങള്‍ക്ക് പുച്ഛം തുടങ്ങിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇടത് പരിസ്ഥിതി വാദികളും സംഘടനകളും എതിര്‍ക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. വളവുകള്‍ ശരിയാക്കിയും സിഗ്നല്‍ മെച്ചമാക്കിയും നിലവിലെ ട്രയിനുകള്‍ക്ക് അഞ്ച് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് എത്താം. എന്തിനാണ് ആയിരങ്ങളെ കുടിയിറക്കുന്നത്.

യുഡിഎഫിന്റെ കൈയൊപ്പ് ഓരോ വികസനപദ്ധതിക്ക് പുറകിലും ഉണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ട തുകയെക്കുറിച്ച് ഇപ്പോഴും സംശയമാണ്. ഗുരുതരമായ അഴിമതിയും കമ്മിഷനുമാണ് ഇതിന് പിന്നില്‍. അഹങ്കാരവും ധിക്കാരവുമാണ് നിങ്ങളെ ബംഗാളില്‍ ഇല്ലാതാക്കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാല്‍ കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ പ്രതികരിച്ചു. സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംസാരിക്കുമ്പോഴായിരുന്നു ഷംസീറിന്റെ പ്രസ്താവന. കെ റെയിലിന്റെ പേരില്‍ കേരള പോലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന പി.സി വിഷ്ണുനാഥിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഷംസീര്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ കേരളത്തിനുള്ള സാധ്യത ടൂറിസമാണെന്നും അതിന് അനിവാര്യമാണ് കെ റെയിലെന്നും ഷംസീര്‍ പറഞ്ഞു. കെ റെയിലിന് എതിരെ ഇപ്പോള്‍ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമാണെന്നും ഷംസീര്‍ ആരോപിച്ചു.

തൂണ് പറിക്കുമ്പോള്‍ കുറച്ച് അടിയൊക്കെ കിട്ടും. ഞങ്ങള്‍ പറയുന്നു, ഇനി പറിച്ചാല്‍ ഇനിയും കിട്ടും. ഇടതുപക്ഷം നടത്തുന്ന വികസനത്തിന് തടസ്സംനില്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകും, ഷംസീര്‍ പറഞ്ഞു. കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ കേരളത്തിനുള്ള സാധ്യത ടൂറിസമാണ്. അതിനുള്ള മാര്‍ഗമാണ് കെ റെയില്‍. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതിന് ഏറ്റവും അത്യാവശ്യം കണക്ടിവിറ്റിയാണ്. വിദേശികള്‍ക്ക് വരാനും മടങ്ങിപ്പോകാനും അതിവേഗ റെയില്‍പാത അത്യാവശ്യമാണ്. ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും വര്‍ധിച്ചുവരികയാണ്. കേരളത്തില്‍ ഓടുന്ന ട്രയിനുകളുടെ പരമാവധി വേഗത 52 കിമീ ആണ്. തൊക്കെക്കൊണ്ടാണ് സില്‍വര്‍ ലൈനിലേക്ക് സര്‍ക്കാര്‍ എത്തിയത്- ഷംസീര്‍ പറഞ്ഞു.

ജനങ്ങളെ ദുരിതത്തിലാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് എം.കെ. മുനീര്‍ പറഞ്ഞു. കെ. റെയില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പാരിസ്ഥിതിക ആഘാതം സംഭവിക്കും. പ്രളയത്തിന് കാരണമാകും. എതിര്‍ക്കുന്നവരെ തല്ലി തോല്‍പിക്കാന്‍ കേരളം കമ്യൂണിസ്റ്റ് ഗ്രാമമല്ല. എ.എന്‍. ഷംസീര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുകയാണെന്നും മുനീര്‍ പരിഹസിച്ചു

Print Friendly, PDF & Email

Leave a Comment

More News