ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്റെ കൂടിക്കാഴ്ചക്ക് പിണറായി വിജയന്റെ മൗനാനുമതിയുണ്ടായിരുന്നു: എൻകെ പ്രേമചന്ദ്രൻ

കൊല്ലം: ബിജെപി കേരള ഘടകം നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. എസ്എൻസി ലാവലിൻ, സ്വർണക്കടത്ത്, ഇപി ജയരാജൻ്റെ വിവാദ റിസോർട്ട് കേസ് എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കൂടിയാണ് യോഗമെന്ന് കൊല്ലം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തൃശൂർ, തിരുവനന്തപുരം സീറ്റുകളിലെ അടവുനയമാണ് യോഗത്തിന് പിന്നിൽ. വിനോദയാത്രയ്ക്ക് കേരളത്തിലെത്തിയ നിധിൻ ഗഡ്ഗരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ച് സത്ക്കരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ജയരാജനെ കുറ്റം പറയാന്‍ എന്താണ് അവകാശം എന്ന് പ്രേമചന്ദ്രൻ ചോദിച്ചു. ബിജെപിയെ പ്രതിപക്ഷമാക്കാനാണ് പിണറായി വിജയൻ്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിൽ ദൃഢമായ ബന്ധമുണ്ടെന്ന യുഡിഎഫിന്‍റെ ആരോപണത്തെ സ്വാധൂകരിക്കുന്നതാണ് ഇപ്പോൾ നടന്ന ചർച്ച. സിപിഎം കൊല്ലത്ത് പൂർണമായും വർഗീയ പ്രചരണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർഥിയുടെ സമുദായം ഉയർത്തി സമുദായ നേതാക്കളെ കണ്ട് വോട്ട് തേടി. സിപിഎം ജില്ല സെക്രട്ടറിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും ഇതിന് തെളിവ് തരാൻ തയ്യാറാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

യുഡിഎഫ് ഒരിടത്ത് പോലും വർഗീയത പറഞ്ഞിട്ടില്ല. സിപിഎമ്മിന്‍റെ ജില്ല സെക്രട്ടറി ജാതി പറഞ്ഞ് വോട്ട് തേടിയത് ഹീനമായ പ്രവൃത്തിയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാധാന പരമായിരുന്നു എന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

പോളിങ് ശതമാനം കുറയാൻ കാരണം യുവാക്കൾ ഏറെയും വിട്ടു നിന്നത് കൊണ്ടാണ്. വിദേശത്തും അന്യ സംസ്ഥാനത്തും പഠിക്കാൻ പോയവരാണ് ഇതിൽ ഏറെയും. കാലാവസ്ഥ പ്രതികൂലമായതും പോളിങ് കുറയാൻ കാരണമായി. അതേസമയം വോട്ടെടുപ്പിൽ ഉദ്യോഗസ്ഥർ ഗുരുതര വീഴ്‌ച വരുത്തിയെന്നും എൻ കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവിഎം തകരാറിലായതിന്‍റെ പേരിൽ വോട്ടർമാരെ വലച്ചു. പിന്നിൽ രാഷ്‌ട്രീയ കാരണങ്ങൾ ഉണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News