ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ എൽഡിഎഫും യുഡി‌എഫും

കാസര്‍ഗോഡ്: കുറഞ്ഞ പോളിംഗ് ശതമാനം ആരെ അനുകൂലിക്കുമെന്ന് കാസര്‍ഗോട് മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നു. എൽ.ഡി.എഫ്-യു.ഡി.എഫ്-ബിജെപി ക്യാമ്പുകളിലും കണക്കുകൂട്ടലുകളുടെ തിരക്കിലാണ് സ്ഥാനാർഥികളും നേതാക്കളും. ഭൂരിപക്ഷം ലഭിക്കുമെന്ന് സ്ഥാനാർത്ഥികള്‍ പറയുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

വോട്ടിംഗ് ശതമാനം എൽ.ഡി.എഫിന് അനുകൂലമാകുമെന്ന പ്രവണതയ്ക്ക് തിരിച്ചടിയാണ് മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടത്. ഇത്തവണ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. കാസർകോട് മണ്ഡലത്തിലെ ഇടത് കോട്ടകളായ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ് നടന്നത്. ഇവിടങ്ങളിലെ വോട്ടുകൾ ബാലകൃഷ്ണൻ മാസ്റ്ററുടെ പെട്ടിയിൽ വീണാൽ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ, യുഡിഎഫിന് അനുകൂലമായി ശക്തമായ അടിയൊഴുക്കാണ് ഉണ്ടായതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. പാർട്ടി കോട്ടകളിലെ ഈ അടിയൊഴുക്കാണ് 2019ൽ ഉണ്ണിത്താനെ തുണച്ചത്.

കാസർകോട് മണ്ഡലത്തിൽ 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019ലെ തിരഞ്ഞെടുപ്പിൽ 80.57 ശതമാനവും 2016ൽ 79 ശതമാനവും 2014ൽ 78 ശതമാനവുമായിരുന്നു പോളിംഗ്. കാസർകോട്ടും മഞ്ചേശ്വരത്തുമാണ് കുറവ് വോട്ട്.

തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളിൽ മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിൽ 72.54 ശതമാനവും കാസർകോട് മണ്ഡലത്തിൽ 71.65 ശതമാനവും ഉദുമ മണ്ഡലത്തിൽ 74.5 ശതമാനവും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 74.64 ശതമാനവും തൃക്കരിപ്പൂർ മണ്ഡലത്തിൽ 76.86 ശതമാനവും പയ്യന്നൂർ മണ്ഡലത്തിൽ 80.30 ശതമാനവും കല്യാശ്ശേരി മണ്ഡലത്തിൽ 77.48 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് ദിവസം ബൂത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എന്നായിരുന്നു വോട്ടർമാരുടെ പ്രതികരണം. കനത്ത ചൂടും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പ്രതികൂലമായി. ഇതൊക്കെ വോട്ടെടുപ്പിനെ ബാധിച്ചതായി വിലയിരുത്തുന്നു. മഞ്ചേശ്വരത്ത് വോട്ട് കുറഞ്ഞത് എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്. ഇങ്ങനെ വന്നാൽ വിജയ സാധ്യത ഇല്ലെങ്കിലും എൻഡിഎയ്ക്ക് വോട്ട് ശതമാനം കൂടുമെന്നാണ് വിലയിരുത്തൽ.

അതേ സമയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളും രജിസ്റ്റർ ചെയ്‌തു. സിപിഎം പരക്കെ കള്ളവോട്ട് ചെയ്‌തുവെന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ആരോപണം. ചെർക്കളയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന എൽഡിഎഫിന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് ചെർക്കളയിൽ ഇലക്ഷൻ വാർത്ത ശേഖരിക്കാൻ എത്തിയ മാധ്യമപ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ മർദിച്ചതിലും കേസ് എടുത്തിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News