മസ്‌കിൻ്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വലിയ സൗരോർജ കൊടുങ്കാറ്റില്‍ തകരാറിലായി

ന്യൂയോര്‍ക്ക്: രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂകാന്തിക കൊടുങ്കാറ്റിൽ എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിൻ്റെ ഉപഗ്രഹ വിഭാഗമായ സ്റ്റാർലിങ്ക് ശനിയാഴ്ച മുന്നറിയിപ്പ് നൽകി.

ഭൂമിയെ ചുറ്റുന്ന ഏകദേശം 7,500 ഉപഗ്രഹങ്ങളിൽ 60 ശതമാനവും സ്റ്റാർലിങ്കിൻ്റെ ഉടമസ്ഥതയിലാണ്. കൂടാതെ, സാറ്റലൈറ്റ് ഇൻറർനെറ്റിലെ ഒരു പ്രധാന പങ്കാളിയുമാണ്.

ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് കാരണം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വളരെയധികം സമ്മർദ്ദത്തിലാണെന്നും എന്നാൽ ഇതുവരെ പിടിച്ചുനിൽക്കുകയാണെന്നും X-ലെ ഒരു പോസ്റ്റിൽ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.

2003 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്നും നാവിഗേഷൻ സംവിധാനങ്ങൾ, പവർ ഗ്രിഡുകൾ, സാറ്റലൈറ്റ് നാവിഗേഷൻ എന്നിവയ്‌ക്ക് അപകടസാധ്യതകൾ സൃഷ്‌ടിക്കുന്നതിനാൽ വാരാന്ത്യത്തിൽ ഇത് നിലനിൽക്കാൻ സാധ്യതയുണ്ടെന്നും യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA)  അറിയിച്ചു.

ലോ-എർത്ത് ഭ്രമണപഥത്തിലെ ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഇൻ്റർ-സാറ്റലൈറ്റ് ലേസർ ലിങ്കുകൾ ഉപയോഗിച്ച് പ്രകാശവേഗത്തിൽ ബഹിരാകാശത്ത് പരസ്പരം ഡാറ്റ കൈമാറുന്നു, ഇത് ലോകമെമ്പാടും ഇൻ്റർനെറ്റ് കവറേജ് നൽകാൻ നെറ്റ്‌വർക്കിനെ അനുവദിക്കുന്നു.

ഭ്രമണപഥത്തിലെ പവർ പ്ലാൻ്റുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഓപ്പറേറ്റർമാരോട് മുൻകരുതലുകൾ എടുക്കാൻ NOAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിക്കും ഭൂമിയിലെ ഭൂരിഭാഗം ആളുകൾക്കും ഒന്നും ചെയ്യേണ്ടതില്ല. സൗരോര്‍ജ കൊടുങ്കാറ്റ് മൂലം യുഎസിലെ അലബാമ, വടക്കൻ കാലിഫോർണിയ എന്നിവിടങ്ങളില്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് ദൃശ്യമാകുമെന്ന് NOAA യുടെ ബഹിരാകാശ കാലാവസ്ഥ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ റോബ് സ്റ്റീൻബർഗ് പറഞ്ഞു. മികച്ച ഫോൺ ക്യാമറകളിലൂടെ അറോറ കാഴ്‌ചകൾ മനോഹരമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1859-ൽ ഉണ്ടായ, ചരിത്രത്തിലെ ഏറ്റവും തീവ്രമായ സോളാർ കൊടുങ്കാറ്റ്, മധ്യ അമേരിക്കയിലും ഹവായിയിലും ഇത്തരം അറോറകളെ ദൃശ്യമാക്കിയിരുന്നു. അത്ര തീവ്രമല്ലെങ്കില്‍ കൂടി അറോറ അടുത്ത് തന്നെ വരുമെന്ന് NOAA ബഹിരാകാശ കാലാവസ്ഥ പ്രവചകൻ ഷോൺ ഡാൽ പറഞ്ഞു. ഉയർന്ന വോൾട്ടേജ് ട്രാൻസ്‌മിഷൻ ലൈനുകൾക്ക് ഈ കൊടുങ്കാറ്റ് അപകട സാധ്യത സൃഷ്‌ടിക്കുന്നതാണെന്നും ഡാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇത് ഉപഗ്രഹങ്ങളെയും ബാധിച്ചേക്കാം. ഭൂമിയിലെ നാവിഗേഷൻ, ആശയവിനിമയ സംവിധാനം എന്നിവയെ ഒക്കെ സൗരോര്‍ജ കൊടുങ്കാറ്റ് തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. 2003-ൽ ഉണ്ടായ ഒരു തീവ്ര ഭൂകാന്തിക കൊടുങ്കാറ്റ് സ്വീഡനിലെ വൈദ്യുതിയെ ബാധിക്കുകയും ദക്ഷിണാഫ്രിക്കയിലെ പവർ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. കൊടുങ്കാറ്റ് അവസാനിച്ചാലും ജിപിഎസ് ഉപഗ്രഹങ്ങളും ഗ്രൗണ്ട് റിസീവറുകളും തമ്മിലുള്ള സിഗ്നലുകൾ സ്ക്രാംബിൾ ചെയ്യപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്തേക്കാമെന്നും NOAA പറയുന്നു.

ബുധനാഴ്‌ച മുതൽ സൂര്യൻ ശക്തമായ സൗരജ്വാലകളാണ് സൃഷ്‌ടിക്കുന്നതെന്ന് ശാസ്‌ത്ര ലോകം പറയുന്നു. ഇതിൻ്റെ ഫലമായി കുറഞ്ഞത് ഏഴ് പ്ലാസ്‌മ എങ്കിലും പൊട്ടിത്തെറിച്ചിട്ടുണ്ട്. കൊറോണൽ മാസ് ഇജക്ഷൻ എന്നറിയപ്പെടുന്ന ഓരോ സ്ഫോടനത്തിലും സൂര്യൻ്റെ ബാഹ്യ അന്തരീക്ഷത്തിൽ നിന്നോ കൊറോണയിൽ നിന്നോ കോടിക്കണക്കിന് ടൺ പ്ലാസ്‌മയും കാന്തിക വലയവും പുറത്ത് വിടുന്നുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് ബഹിരാകാശ സഞ്ചാരികൾക്ക് കൊടുങ്കാറ്റ് ഗുരുതരമായ ഭീഷണി ഉയർത്തിയിട്ടില്ലെന്ന് നാസ അറിയിച്ചു. റേഡിയേഷൻ ലെവലുകൾ വർധിക്കുന്നതാണ് ഏറ്റവും വലിയ ആശങ്ക. ആവശ്യമെങ്കിൽ സ്റ്റേഷന്‍റെ മികച്ച കവചമുള്ള ഭാഗത്തേക്ക് ക്രൂവിന് മാറാൻ കഴിയുമെന്നും സ്റ്റീൻബർഗ് പറഞ്ഞു.

കനത്ത വികിരണം നാസയുടെ ചില ശാസ്ത്ര ഉപഗ്രഹങ്ങൾക്കും ഭീഷണി സൃഷ്‌ടിക്കാന്‍ ഇടയുണ്ട്. കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ആവശ്യമെങ്കിൽ അതീവ സെൻസിറ്റീവ് ഉപകരണങ്ങൾ ഓഫ് ചെയ്യുമെന്നും ബഹിരാകാശ ഏജൻസിയുടെ ഹീലിയോഫിസിക്‌സ് സയൻസ് ഡിവിഷൻ ഡയറക്‌ടർ ആൻ്റി പുൾക്കിനൻ അറിയിച്ചു. സൂര്യനെ കേന്ദ്രീകരിച്ചുള്ള നിരവധി ബഹിരാകാശ വാഹനങ്ങൾ ഈ പ്രതിഭാസം നിരീക്ഷിച്ച് വരികയാണെന്നും പുൾക്കിനൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News