ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ ബൈഡന്റെ പരാജയം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം: ട്രംപ്

സൗത്ത് കരോലിന: ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡന്റെ “ബലഹീനത, ഭീരുത്വം, കഴിവില്ലായ്മ” എന്നിവയെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിക്കുകയും ഇത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അമേരിക്കക്കാരെ ഭയാനകവും രക്തരൂക്ഷിതമായതുമായ യുദ്ധക്കെടുതിയിലാക്കാതെ ഈ ദുരന്തം അവസാനിപ്പിക്കാൻ തനിക്ക് ഇനിയും കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സൗത്ത് കരോലിനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ട്രം‌പ്, ഉക്രെയ്ൻ സംഘർഷം തുടർന്നാൽ അത് മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിച്ചു.

“എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കാണുന്നു. പുടിൻ യുദ്ധം നിർത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് തെറ്റാണ്. യുദ്ധം കൂടുതൽ വഷളാകാൻ പോകുന്നു. അദ്ദേഹം അത് നിര്‍ത്തുകയില്ല, പുടിനോട് സംസാരിക്കാൻ നമ്മള്‍ക്ക് ആരുമില്ല,” ട്രം‌പ് പറഞ്ഞു.

റഷ്യൻ നടപടിയെ “പ്രകോപനമില്ലാത്തതും ന്യായീകരിക്കാത്തതുമായ ആക്രമണം” എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമായാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.

താന്‍ വൈറ്റ് ഹൗസിലായിരുന്നെങ്കിൽ പ്രസിഡന്റ് പുടിൻ ഒരിക്കലും സംഘർഷം തുടങ്ങില്ലായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.
അമേരിക്ക ഈ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അമേരിക്കക്കാരെ അതിൽ നിന്ന് അകറ്റി നിർത്താൻ ബൈഡന് ഇനിയും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിലെ സൈനിക നടപടികൾക്ക് മറുപടിയായി ബൈഡന്‍ ഭരണകൂടം റഷ്യയ്‌ക്കെതിരെ കടുത്ത സാമ്പത്തിക, ബാങ്കിംഗ് ഉപരോധം ഏർപ്പെടുത്തി. ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയിൽ ബിസിനസ് ചെയ്യാനുള്ള റഷ്യയുടെ കഴിവിനെ ഉപരോധം പരിമിതപ്പെടുത്തുമെന്ന് ബൈഡൻ പറഞ്ഞു.

റഷ്യയുടെ “ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം” എന്ന വ്യാപാര പദവി പിൻവലിക്കാൻ യുഎസ് കോൺഗ്രസുമായും മറ്റ് ഗ്രൂപ്പ് ഓഫ് സെവൻ (ജി -7) രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയുടെ ഇറക്കുമതി നിരോധിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു.

ഉപരോധങ്ങൾക്കുള്ള മറ്റൊരു ബദൽ “മൂന്നാം ലോക മഹായുദ്ധം” ആരംഭിക്കുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News