കൊച്ചി – വിശ്വമാനവികതയുടെ രൂപകം : എന്‍.എസ് മാധവന്‍

തൃക്കാക്കര: ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സ്വാഗതമരുളുകയും അഭയമാവുകയും ചെയ്തിട്ടുള്ള കൊച്ചി, വിശ്വ മാനവികതയുടെ രൂപകമാണെന്ന് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടു. പലയിടത്തും നിന്നും പല മതങ്ങളും സംസ്‌കാരങ്ങളും കുടിയേറിപ്പാര്‍ത്തിട്ടുള്ള കൊച്ചിയുടെ കഴിഞ്ഞ 700 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു ആഭ്യന്തര കലഹം പോലും ഇപ്രകാരമൊരു നഗരത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നുള്ളത് കൊച്ചി നഗരത്തിന്റെ മഹത്വം വിളിച്ചോതുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഭാരതമാതാ കോളേജില്‍ നടന്ന 19-ാം മത് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ പ്രഭാഷണത്തില്‍ ‘കൊച്ചിയുടെ ചരിത്ര വര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് കൊച്ചി നാഗരികതയുടെ സവിശേഷതകള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. കോളേജിന്റെ സ്ഥാപക പിതാവായ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വാര്‍ഷിക പ്രഭാഷണത്തില്‍, 1341-ല്‍ സ്ഥാപിതമായ തുറമുഖ നഗരത്തിന്റെ 700 വര്‍ഷങ്ങളിലൂടെ കൊച്ചിയുടെ കഥാകാരന്‍ സഞ്ചരിച്ചു.

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. കോളേജ് മാനേജര്‍ ഫാ.ഡോ. എബ്രഹാം ഒലിയപ്പുറത്ത്, പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ഷൈനി പാലാട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം എന്നിവര്‍ സംസാരിച്ചു. 2021 – 2022 അക്കാദമിക വര്‍ഷത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കര്‍ദിനാള്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മേളന മദ്ധ്യേ വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ലഫ്റ്റനന്റ് നിതിന്‍ തോമസ് നന്ദി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News