സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് ലുലു-കേളി മെഗാ രക്തദാന ക്യാന്പ്

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. റംസാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എംഒഎച്ച് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാന്പ് നടത്തുന്നത്.

മാര്‍ച്ച് 25ന് മലാസിലെ പുതിയ ലുലു മാളില്‍ നടക്കുന്ന ക്യാന്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. എംഒഎച്ചുമായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാന്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നല്‍കുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി പറഞ്ഞു.

കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും, സഫാമക്ക പോളിക്ലിനിക്കുമാണ് ഇത്തവണ കേളിയോടൊപ്പം രക്തദാന ക്യാന്പിനായി കൈകോര്‍ക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ ഭക്ഷ്യോല്‍പന്നങ്ങളും മരുന്നുമൊക്കെ നല്‍കി ലുലുവും സഫാമക്കയും കേളിയോടൊപ്പം സഹകരിച്ചിരുന്നു.

മാര്‍ച്ച് 25ന് നടക്കുന്ന രക്തദാന ക്യാന്പിനോടാനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും, പൊതു രോഗ നിര്‍ണയവും ഉണ്ടയിരിക്കും. കൂടാതെ രക്തദാനം നടത്തിയവരുടെ പൂര്‍ണ ലാബ് പരിശോധനാ ഫലം നല്‍കുന്നതായിരിക്കുമെന്നും ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി അറിയിച്ചു. രക്തദാന ക്യാന്പ് വിജയിപ്പിക്കുന്നതിനു വേണ്ടി കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മലിനെ കോഡിനേറ്ററായി, കേന്ദ്ര കമ്മറ്റി അംഗം സുനില്‍, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ മധു എടപ്പുറത്ത്, ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, കമ്മറ്റി അംഗങ്ങളായ സുജിത്, സലീം, അനില്‍, സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, ചെയര്‍മാന്‍ ബിജു തായന്പത്ത്, നൗഷാദ് എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയതായി കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News