ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്‌റ്റേയില്ല; സൈബര്‍ വിദഗ്ധന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

കൊച്ചി/കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘെത്ത വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം താത്ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വേണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

കേസില്‍ അന്വേഷണം തുടരാം. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനായി കേസ് ഈ മാസം 28ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ഹര്‍ജി മാറ്റിയ സാഹചര്യത്തില്‍ അന്വേഷണത്തിന് സ്‌റ്റേ നല്‍കി ഇടക്കാല ഉത്തരവ് ഇറക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ പരിശോധന ഉച്ചവരെ തുടര്‍ന്നു.

കാരപ്പറമ്പിലെ ഫ്‌ളാറ്റിലാണ് പരിശോധന. 16 എ, 16 ബി എന്നീ ഫ്‌ളാറ്റുകളിലാണ് പരിശോധന. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായിയുടെ ലാപ്‌ടോപ് ഉപയോഗിച്ചാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഈ ലാപ്‌ടോപ്പിനു വേണ്ടിയാണ് പരിശോധന.

അതിനിടെ, ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് കാണിച്ച് സായിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സായി നാളെ ഹാജരാകുമെന്നാണ് സൂചന. അന്വേഷണം തന്നിലേക്ക് നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സായി ശങ്കര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്നും അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സായി പരാതിയില്‍ പറഞ്ഞിരുന്നു.

Leave a Comment

More News