ഐ.എസ്.എല്‍ ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും പൊരുതിവീണു; ഹൈദരാബാദ് കപ്പടിച്ചു

മഡ്ഗാവ്: ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ (3-1) തകര്‍ത്ത് ഹൈദരാബാദ് എഫ്സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഷോട്ടുകള്‍ തടുത്ത ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്. ബ്ലാസ്റ്റേഴ്‌സിനായി കിക്കെടുത്ത മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷുകുമാര്‍, ജീക്‌സണ്‍ സിംഗ് എന്നിവരെയാണ് കട്ടിമാണി തടഞ്ഞത്.

ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്ന കേരളം പിന്നിലേക്ക് പോയത്. രണ്ടാം പകുതിയില്‍ മലയാളി താരം കെ.പി രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം സ്‌കോര്‍ ചെയ്തത്. 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോള്‍. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഗോള്‍ തിരിച്ചടിച്ചു. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍നിന്നുള്ള അവസരം മുതലെടുക്കുകയായിരുന്നു പകരക്കാരന്‍ താരം സഹില്‍ ടവോര.

ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് ഇതു മൂന്നാം തവണയാണ് തോല്‍ക്കുന്നത്. എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്‌സി, ബംഗളൂരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകള്‍ക്ക് ശേഷം ഐഎസ്എല്‍ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.

Print Friendly, PDF & Email

Leave a Comment

More News