ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 37-മത് പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം അഭി.മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു

ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 2022-ലെ പുതുവര്‍ഷ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 23, ബുധനാഴ്ച 7.00PM ന് ഓക്ക്‌ലോണിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച്, പ്രസിഡന്റ് റവ.മോണ്‍ തോമസ് മുളവനാലിന്റെ അദ്ധ്യക്ഷതയില്‍, ചിക്കാഗോയിലുള്ള ഇതര ക്രിസ്തീയ സഭകളിലെ വൈദീകന്‍, തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ സാക്ഷിയാക്കി, കൗണ്‍സിലിന്റെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ബിഷപ്പുമായ അഭി.മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.

ശ്രീമതി മന്‍ജു അജിത്ത്, റവ.ഫാ.എബി ചാക്കോ എന്നിവര്‍ പഠനവായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കി. വ്യത്യസ്തകളുടെ ഇടയില്‍ ക്രിസ്തുവില്‍ നാം ഒന്നായി തീരേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട്, റവ.ഫാ.തോമസ് മാത്യു  വന്നുകൂടിയവര്‍ക്ക് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് റവ.ഫാ.തോമസ് മുളവനാലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ പല ക്രിസ്തീയ വിശ്വാസവും, പാരമ്പര്യവും മുറുകെ പിടിക്കുന്ന നാം, ത്രിഏക ദൈവം ഒന്നായതുപോലെ, ക്രിസ്തുവിന്റെ ദൗത്യം സ്വീകരിച്ചുകൊണ്ട്, സഭയുടെ കൂട്ടായ്മയും, മറ്റുള്ളവരെ പരസ്പരം അംഗീകരിച്ച് ആവശ്യത്തിലിരിക്കുന്നവരെ  സഹായിച്ചും കൊണ്ട്, ഒരേ കൂട്ടായ്മയുടെ അംശികളായി, കാലത്തിന്റെ വെല്ലുവിളികള്‍ക്ക് അനുസൃതമായി ക്രിസ്തുവാകുന്ന തലയോളം ഉയര്‍ന്ന് പ്രവര്‍ക്കേണംഎന്ന് ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന് മുഖ്യ സന്ദേശം നല്‍കുന്നതിനും, ഈ വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നതിനുമായി അഭി.മാര്‍. ജോയി ആലപ്പാട്ടിനെ വിനയപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചിന്താവിഷയമായ ‘നിങ്ങള്‍ എല്ലാവരും ക്രിസ്തുവിന്‍ ഒന്നത്രെ’ എന്ന വിഷയത്തെ ആസ്പദമാക്കി അഭി.മാര്‍.ജോയി ആലപ്പാട്ട് ആധികാരികമായി സംസാരിച്ചു. ക്രിസ്തീയ സഭകള്‍ ഒരു അപകട നിലയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ ഒരു പ്രത്യേക സാഹചര്യത്തില്‍ വ്യത്യസ്ത നിലനിര്‍ത്തി, യേശുക്രിസ്തുവാകുന്ന മാര്‍ഗ്ഗത്തില്‍, ഒരേ ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്രയും പ്രബലമായ ക്രിസ്തീയ സമൂഹം എന്തുകൊണ്ട് ഇങ്ങനെ ആയിത്തീരുന്നു?  നമ്മള്‍ തമ്മിലുള്ള പരസ്പര മത്സരം, അംഗീകരിക്കാന്‍ സാധിക്കാതെ വരിക, നമ്മള്‍ തന്നെ ഉണ്ടാക്കുന്നതായ പ്രശ്‌നങ്ങള്‍. അതുകൊണ്ട് തന്നെ നമ്മുടെ ക്രിസ്തീയ സഭകളുടെ മുഖം വികൃതമാകുന്നു. ഈ കാലയളവില്‍ ക്രിസ്തീയ എക്യൂമിനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്. പിതൃപുത്ര പരിശുദ്ധാത്മാവിന്റെ സ്‌നേഹവും, ഐക്യതയും കൈവിടാതെ, പ്രാര്‍ത്ഥനയ്ക്ക് മുന്‍തൂക്കം നല്‍കി. പൂര്‍വ്വാധികം ശക്തിയോടെ പ്രാര്‍ത്ഥിക്കുവാന്‍. ഈ വര്‍ഷത്തെ ചിക്കാഗോ എക്യൂമിനിക്കല്‍ സഭകള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് അഭി.മാര്‍.ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി പുതിയ വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

സെക്രട്ടറി ശ്രീമതി ഏലിയാമ്മ പുന്നൂസ് റിപ്പോര്‍ട്ടും, ട്രഷറാര്‍ ശ്രീ.പ്രവീണ്‍ തോമസ് ബഡ്ജറ്റും അവതരിപ്പിച്ചു. മാര്‍ച്ച് മാസം നടത്തിയ ലോക പ്രാര്‍ത്ഥനാ ദിനാചരണത്തെപ്പറ്റി ഡോ.സിജി വര്‍ഗീസ് വിലയിരുത്തി. തുടര്‍ന്ന് കൗണ്‍സില്‍ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ ചര്‍ച്ച ചെയ്തു. ശ്രീ.സാം തോമസ് നന്ദിപ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News