മദ്യവും മയക്കുമരുന്നും സംസ്ഥാനത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മദ്യവും മയക്കുമരുന്നുമൊഴുക്കി കേരള സമൂഹത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മയക്കുമരുന്ന് ഇറക്കുമതി കള്ളക്കടത്ത് വിപണിയായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍, നേരിട്ട് മദ്യവുംകൂടി വ്യാപകമായി ഒഴുക്കുന്നത് കേരളസമൂഹത്തിന്റെ സാമൂഹ്യജീവിത അസ്ഥിവാരം മാന്തും. ജനങ്ങളുടെ ജീവിതവും ജീവനും നശിപ്പിച്ചുള്ള ധനസമ്പാദനവും ഭരണധൂര്‍ത്തും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ മദ്യനയമെന്ന വാദം തെറ്റാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യമോഹികളും മദ്യത്തിന് അടിമകളുമാണെന്നുള്ള പ്രചരണത്തിലൂടെ മികവുറ്റ യുവപ്രതിഭകളെ അവഹേളിക്കാനേ ഇതുപകരിക്കൂ. താഴ്ന്ന വരുമാനക്കാരായ ജനവിഭാഗങ്ങള്‍ മദ്യത്തിന് ഇരകളാകുമ്പോള്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും. മദ്യലഹരിയില്‍ കുടുംബാംഗങ്ങള്‍ കലഹിച്ചും തമ്മിലടിച്ചും തകരും. ലഹരി സുലഭതയുടെ മറവില്‍ സംസ്ഥാനത്ത് കൂടുതല്‍ അരാജകത്വവും അരക്ഷിതാവസ്ഥയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടും. ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വേരോട്ടം കേരളത്തില്‍ കൂടുതല്‍ ശക്തിപ്പെടുവാനും ഇത്തരം സര്‍ക്കാര്‍ നടപടികള്‍ ഇടയാക്കും. ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന നമ്മുടെ യുവതലമുറയില്‍ മദ്യലഹരിയുടെ വ്യാപനം വലിയ പ്രതിസന്ധിയും അപകടവും സൃഷ്ടിക്കും.

മദ്യമൊഴുക്കിയാല്‍ ടൂറിസ്റ്റുകളെത്തുമെന്ന ചിന്തയും ന്യായവാദവും ഏറെ വിചിത്രമാണ്. പൈനാപ്പിള്‍, മരച്ചീനി, കശുമാങ്ങാ, ചക്ക എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിച്ച് കാര്‍ഷികമേഖലയെ സംരക്ഷിക്കാമെന്ന പ്രഖ്യാപനം നിര്‍ഭാഗ്യകരമാണ്. ഇത്തരം നീക്കങ്ങള്‍മൂലം കൂടുതല്‍ ദുരന്തങ്ങള്‍ ഭാവിയില്‍ കേരളം ക്ഷണിച്ചുവരുത്തും. ദിനംതോറും പെരുകുന്ന റോഡപകടങ്ങളും, അക്രമവാസനകളും, ആത്മഹത്യകളും, സ്ത്രീപീഡനങ്ങളും, കുടുംബത്തകര്‍ച്ചകളും കൂടുതല്‍ വ്യാപകമാകുന്നതിനും സമൂഹത്തിലെ സമാധാനാന്തരീക്ഷം തകരുന്നതിനും കൂടുതല്‍ മദ്യമയക്കുമരുന്നിന്റെ ലഭ്യത ഇടനല്‍കുമെന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിന് ഒത്താശചെയ്യുന്ന പ്രഖ്യാപനങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉത്തരവുകളില്‍ നിന്നും പിന്തിരിയണമെന്നും സാമൂഹ്യ സാമുദായിക പ്രസ്ഥാനങ്ങള്‍ മദ്യവര്‍ജ്ജന ബോധവല്‍ക്കരണം സജീവമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News