മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ ഹനുമാൻ ചാലിസ പ്ലേ ചെയ്യും; മഹാരാഷ്ട്ര സർക്കാരിനെതിരെ ഭീഷണിയുമായി രാജ് താക്കറെ

മുംബൈ: മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ശനിയാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ഒരു റാലിയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറെ പറഞ്ഞു, “എന്തുകൊണ്ടാണ് പള്ളികളിൽ ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത്? ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ഹനുമാൻ ചാലിസ പള്ളികൾക്ക് പുറത്ത് ഉയർന്ന ശബ്ദത്തിൽ പ്ലേ ചെയ്യും,” അദ്ദേഹം പറഞ്ഞു. താന്‍ പ്രാർത്ഥനയ്‌ക്കോ ഏതെങ്കിലും പ്രത്യേക മതത്തിനോ എതിരല്ല. എന്റെ മതത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് തന്നെ എതിർത്ത ശക്തികളുമായി കൂട്ടുകൂടിയാണ് മുഖ്യമന്ത്രി സർക്കാർ ഭരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് രാജ് താക്കറെ പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ഉയർത്തിക്കാട്ടാറുണ്ടെന്നും, ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ലെന്നും രാജ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാമെന്നും പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാമെന്നും അദ്ദേഹത്തിന് ആശയം ലഭിച്ചത്.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻസിപി) രാജ് താക്കറെ കടന്നാക്രമിച്ചു. എൻസിപി രൂപീകരിച്ചതു മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്ന് രാജ് താക്കറെ ആരോപിച്ചു. “ഇന്ന് സംസ്ഥാനത്ത് ജാതി പ്രശ്‌നങ്ങളുടെ പേരിൽ ആളുകൾ പോരാടുകയാണ്, ഞങ്ങൾ എപ്പോഴാണ് ഇതിൽ നിന്ന് പുറത്തു വന്ന് ഹിന്ദുവാകുക?”

മുംബൈയിൽ എംഎൽഎമാർക്ക് വീടുകൾ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തെയും രാജ് താക്കറെ വിമർശിച്ചിരുന്നു. “ആദ്യം അവരുടെ പെൻഷൻ നിർത്തണം. അവരുടെ ബംഗ്ലാവുകൾ തിരിച്ചെടുത്ത് വീടുകൾ നൽകുക,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News