പരിണാമങ്ങൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

(ഒരു ഭക്തൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഹൈന്ദവ ആത്മീയകാര്യങ്ങൾ മാത്രം. താല്പര്യം പോലെ സാധകന് ശ്രമിച്ചാൽ സ്വയം ഓരോന്നിനും പൂർണ്ണമായി വിവരങ്ങൾ കണ്ടു പിടിക്കാന്‍ പറ്റും)

നിൻ തിരു നാമം ചൊന്നപ്പോൾ
എൻ നാമം മറഞ്ഞു പോയ്!
നിന്നെ നിനച്ചിരുന്നപ്പോൾ
എന്നെയേ മറന്നു പോയ് കൃഷ്ണാ!

ജാഗ്രത്‍സ്വപ്നസുഷുപ്തിയിലും
ജാഗരൂകനായി ഞാൻ!
ജല്പനം നിറഞ്ഞ നാവിൽ
ജപമെന്നതു മാത്രമായി! കയ്യിൽ
ജപമാല മാത്രമായി! കൃഷ്ണാ!

പഞ്ചാക്ഷരി യുരുവിട്ടപ്പോൾ
പഞ്ചപ്രാണൻ സജീവമായ്‌!
പഞ്ച ഭൂത നിർമ്മിതമാമി
പഞ്ജരത്തിൽ നിന്നെ കണ്ടേൻ!കൃഷ്ണാ!

ദേഹി നീയെന്നറിഞ്ഞപ്പോൾ
ദേഹചിന്തയില്ലാതായി!
ജീവനെന്തെന്നറിഞ്ഞപ്പോൾ
ജീവന്മുക്തനായി ഞാൻ!കൃഷ്ണാ!

പങ്കജാക്ഷാ, നിൻ കടാക്ഷം
പാഞ്ചജന്യ* തലോടലായി!
പരാത്മ ചിന്ത വന്നപ്പോൾ
പാമരത്വ മില്ലാതായി!കൃഷ്ണാ!
വേണു നാദം കേട്ടപ്പോഴെൻ
വേദനയേ മറന്നു പോയ്!
വേദമന്ത്ര ശ്രവണത്തിൽ
വേദാന്തിയായ്മാറിഞാൻ! കൃഷ്ണാ!

നിൻ നാദം കേട്ടപ്പോൾ ഞാൻ
നീയെന്നു തിരിച്ചറിഞ്ഞു!
നിർവ്വാണ ലീനനായ് നിന്നേൻ
നിർവ്വികല്പ സ്വരൂപത്തിൽ!കൃഷ്ണാ!

സന്യാസം എടുക്കാതയെ ഞാൻ
സന്യാസിയായി മാറി!
വർണ്ണാശ്രമ ധർമ്മങ്ങൾ ഞാൻ
വർണ്ണിപ്പതുകേട്ടറിഞ്ഞു! കൃഷ്ണാ!

താപത്രയ തന്മാത്രകളും
ത്രിഗുണങ്ങളുമറിഞ്ഞുഞാൻ!
ഭക്തി, ജ്ഞാനവൈരാഗ്യങ്ങൾ
ഭഗവദ് പ്രാപ്തി മാർഗ്ഗങ്ങൾ!കൃഷ്ണാ!

സത് സംഗം ശരണാഗതി, നാമ-
സങ്കീർത്തനാദികൾ മുഖ്യം!
സൂക്ഷ്മ വീക്ഷണം ചെയ്കിൽ, ജന്മ-
സാക്ഷാത്കാരം താൻ ലക്ഷ്യം! കൃഷ്ണാ!

വിദ്യതൻഅവിദ്യ തൻ
വ്യത്യാസമറിഞ്ഞൂ ഞാൻ!
ബന്ധവും അജ്ഞതയും
ബന്ധനമെന്നറിഞ്ഞു! കൃഷ്ണാ!

ജന്മം പുനർജ്ജന്മമെല്ലാം
കർമ്മഫല മെന്നറിഞ്ഞു!
കാമം കർമ്മം കർമ്മഫലവും
ജന്മ നിശ്ചിതമെന്നറിഞ്ഞു!കൃഷ്ണാ!

സമ്പത്തു താൻ ജീവിതത്തിൽ
സൗഖ്യമെന്ന ചിന്ത മാറി!
മഹിയിൽ കാണ്മതെല്ലാമേ
മായയെന്നറിഞ്ഞു ഞാൻ! കൃഷ്ണാ!

എന്തു നേടിയെന്നാലും നാം
എത്ര നേടിയെന്നാലും,
അന്ത്യത്തിലാറടി മണ്ണു താൻ
സ്വന്തമെന്നറിഞ്ഞു ഞാൻ!കൃഷ്ണാ!

“സ്നേഹമാ ണഖിലലോക –
സാര”മെന്നറിഞ്ഞു ഞാൻ!
അനിത്യമീ ലോക ജീവിതം
നിത്യമായ്നീ മാത്രമല്ലോ! കൃഷ്ണാ!

യമനിയമങ്ങളും, പിന്നെ
ശമദമാ ദികളുംദിനം,
പാലിയ്ക്കും ഭക്തന്മാരെ-പരി-
പാലിയ്ക്കും പരം പൊരുളേ! കൃഷ്ണാ!

സുഖമാവട്ടെ, ദുഃഖമാവട്ടെ
സമ്മിശ്രമല്ലോ ജീവിതം!
നാണയത്തിന്നിരുവശങ്ങൾ
നീ തരും പ്രസാദങ്ങൾ! കൃഷ്ണാ!

പുരുഷാർത്ഥങ്ങൾ നാലുണ്ടേലും
പൂർണ്ണമായ് നേടിയെന്നാലും,
പരമമാം പുരുഷാർത്ഥം
പരമ പുരുഷാർത്ഥം! കൃഷ്ണാ!

കർമ്മജ്ഞാനഭക്തിയോഗങ്ങൾ
മർമ്മം കർമ്മ യോഗമതിൽ!
സ്ഥിതമെന്തെന്നറിഞ്ഞപ്പോൾ
സ്ഥിതപ്രജ്ഞനായീ ഞാൻ! കൃഷ്ണാ!

പ്രളയ ഭൂചലനാദികൾ
പ്രകൃതി തൻ വികൃതികൾ!
സൃഷ്ടിസ്ഥിതിസംഹാരങ്ങൾനിൻ
ഇഷ്ടലീലകളറിവൂ ഞാൻ! കൃഷ്ണാ!

ദശാവതാരമെല്ലാംഓരോ
ഉദ്ദേശത്തോടെന്നറിവൂ ഞാൻ!
ദുഷ്ട സംഹാരമെല്ലാമെ
ശിഷ്ട പാലനാർത്ഥമല്ലോ! കൃഷ്ണാ!

ജീവാത്മൻ വാഴുംദേഹവിയോഗം
ജീവാത്മ-പരമാത്മ സംയോഗം!
ജഡ- പ്രകൃതി തൻ സംയോഗം
ജീർണ്യമെല്ലാംതവ നിയോഗം! കൃഷ്ണാ!

സ്ഥൂല ശരീരം വെടിഞ്ഞു
സൂക്ഷ്മ രൂപിയാം പ്രാണൻ,
വിലയം പ്രാപിപ്പൂപരമ
വിമല രൂപിയാം നിന്നിൽ! കൃഷ്ണാ!

ചതുർ യുഗങ്ങൾമന്വന്തരങ്ങൾ
ചതുരമായ് തീർത്ത കൽപ്പങ്ങൾ !
അണ്ഡങ്ങൾപതിന്നാലു മനുക്കൾ
അത്ഭുതം!അണ്ഡ കടാഹങ്ങൾ! കൃഷ്ണാ!

പ്രിയവൃതൻ തീർത്തൊരാ പെരും
പേരെഴു മേഴു ദ്വീപങ്ങൾ!
വീട്ടുവാനാവാമൂന്നുഋണങ്ങൾ
വിട്ടുപോകാമൂന്നുകർമ്മങ്ങൾ!കൃഷ്ണാ

ഗജേന്ദ്ര മോക്ഷം! ഉണർവ്വേകും
അജാമിളോപാഖ്യാനം!
പ്രഹ്‌ളാദ ചരിതവും മറ്റും
ആഹ്‌ളാദ ദായികളല്ലോ! കൃഷ്ണാ!

അംബരീഷ ചരിതം കേട്ടാൽ
അമ്പരന്നു പോം sനിൻ വൈഭവം!
കപിലാവതാരം മനോഹരം
അഖിലം വാചാമ ഗോചരം! കൃഷ്ണാ!

വ്യാസനും വാല്മീകിയുംകാളി-
ദാസനും നമുക്കേകിഭക്തി
ജ്ഞാനാദി നിധി പെട്ടകങ്ങൾ
ജന്മ സാഫല്യ മാർഗ്ഗങ്ങൾ! കൃഷ്ണാ!

സുധാ മൂർത്തി! അനന്ത ശാന്താ!
സൗദാ മിനി തൻ പ്രിയ കാന്താ!
ഹരേ മുകുന്ദാ! പരമാനന്ദാ!
ഹരി ഗോവിന്ദാ! അരവിന്ദാ! കൃഷ്ണാ!

ശ്രീവത്സവും ഉപവിഷ്ടയാം
ശ്രീദേവിയും കൗസ്തുഭവും,
കൈവല്യസിദ്ധമാമുൽക്കൃഷ്ട-
വൈകുണ്ഠവും സ്മരണീയം! കൃഷ്ണാ!
വൈകല്യങ്ങളാറ്റണമേ!

യോഗീശ്വരാ! ഭഗവൻ! അങ്ങു
യോഗനിദ്രയിലിരിക്കുമ്പോൾ
ലോഭമേയില്ലാതല്ലോ, നരന്മാർ
ഭോഗനിദ്രയിലിരിക്കുന്നു! കൃഷ്ണാ!
യോഗമെല്ലാം! തവ നിയോഗം!

പത്രം പുഷ്പം ഫലം തോയം
മാത്രം മതി പര്യാപ്തം!
വിഭക്തി മാത്രമേൽ വ്യർത്ഥം
ഭക്തി മാത്രം പരമാർത്ഥം! കൃഷ്ണാ!

ആയുരാരോഗ്യ സൗഖ്യങ്ങൾ
ആജീവനാന്തം തരണേ!
താവകകരുണാ കടാക്ഷം
ഇവനതുകടാക്ഷ മോക്ഷം! കൃഷ്ണാ!
————————-

*അച്ഛനായ ഉത്താന പാദന്റെ രാജകൊട്ടാരത്തിൽനിന്നും, അമ്മയായ സുരുചിയുടെ അനുഗ്രഹാശിസ്സുകളോടെ പുറപ്പെട്ട ധ്രുവൻ ത്രിലോക സഞ്ചാരിയും ത്രികാലജ്ഞാനിയുമായ നാരദമുനിയുടെ ഉപദേശപ്രകാരം മഹാവിഷ്ണുവിനെ പ്രീണിയ്ക്കുവാൻ കൊടുംവനത്തിൽ പോയി കടുംതപസ്സു ചെയ്യാൻ തുടങ്ങി. ആദ്യത്തെ കുറെ ദിവസങ്ങൾ വെറും ഇലയും പിന്നീട് ജല പാനവും, അടുത്ത കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വെറും വായു ഭക്ഷണവുമായി കഴിച്ചു. പിന്നീട് ഒന്നും കഴിയ്ക്കാതെ തപസ്സു തുടർന്നപ്പോൾ, തപസ്സിൽ സംപ്രീതനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. ഭഗവാൻ നിർബ്ബന്ധിച്ചപ്പോൾ കണ്ണ് തുറന്ന്‌ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി! ഭഗവാൻ തന്റെ കയ്യിലെ ‘പാഞ്ചജന്യം’ എന്ന ശംഖു കൊണ്ട് ധ്രുവന്റെ കവിളിൽ തലോടിയപ്പോൾ, ധ്രുവൻ നിമിഷത്തിൽ മഹാജ്ഞാനിയായി മാറി. ഉടനേ തന്നെ, ധ്രുവൻ മഹാവിഷ്ണുവിനെ സ്തുതിച്ചു സ്ത്രോത്രം ചെയ്യാൻ തുടങ്ങി!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment