ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ മഹീന്ദ്ര ഥാര്‍ ലേലം; പരാതിയില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് വാദം ആരംഭിക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാര്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ വാദം കേൾക്കൽ തുടരുന്നു. ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ നൽകിയ കേസിലാണ് വാദം കേൾക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ഉച്ചകഴിഞ്ഞ് മൂന്നിന് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിലാണ് വാദം കേൾക്കൽ.

ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനാ പ്രതിനിധികളേയും ഇക്കാര്യത്തിൽ എതിർപ്പുള്ള ആരുടേയും വാദം കേൾക്കും. പരാതിക്കാർ രാവിലെ 11-ന് മുമ്പ് താൽപര്യപത്രം നൽകണമെന്ന് ദേവസ്വം കമ്മീഷണർ നിർദ്ദേശിച്ചു.

ഥാർ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂര്‍ ദേവസ്വം ബോർഡ് അംഗീകാരം നൽകിയിരുന്നു. 2020 ഡിസംബർ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച വാഹനം പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചത്.

ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാൽ ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News