കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ ‘കത്തോലിക്ക സഭ’

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും രൂക്ഷവിമര്‍ശനം. പ്രസിഡന്റ് ആകാന്‍ ഇല്ലെന്നു പറയുകയും അതേസമയം, എല്ലാ അധികാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണമെന്നു ലേഖനം വിമര്‍ശിക്കുന്നു.പേരില്‍ ഗാന്ധി എന്നു വന്നതുകൊണ്ടു മാത്രം വിജയം കാണാനാവില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്നു വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്കു പ്രവേശിക്കുന്നതു കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നു ലേഖനം വിമര്‍ശിക്കുന്നു. തമ്മിലടിക്കുന്ന നേതാക്കള്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തിനു കുട പിടിക്കുകയാണെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ദേശീയ ബദലില്‍നിന്ന് അകലുന്നോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കിനെ നിശിതമായി വിമര്‍ശിക്കുന്നത്. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നു സംശയിക്കാമെന്നതാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം.

നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിനു തന്നെ നാണക്കേട് ഉണ്ടാക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം പോലും കളഞ്ഞുകുളിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യമാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് യുപിയില്‍ ആയിരുന്നു. അവിടെ മത്സരം നടന്നത് ബിജെപിയും എസ്പിയും തമ്മിലാണ്. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലാതായി. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്‌പോഴും നേതാക്കളുടെ തമ്മിലടി കാരണം പിന്നിലേക്കു പോകുന്ന കാഴ്ചയാണ് കാണുന്നതെന്നും ലേഖനം വിമര്‍ശിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News